കണ്ണൂർ
ജില്ലയിലെ എട്ട് വിനോദ സഞ്ചാരകേന്ദ്രങ്ങൾക്ക് ഹരിതപദവി. വിനോദസഞ്ചാര കേന്ദ്രങ്ങളെ വൃത്തിയും ശുചിത്വവുമുള്ള സ്ഥലങ്ങളായി നിലനിർത്തുന്ന ഹരിതടൂറിസം പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ എട്ട് കേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്നത്. ചാൽ ബീച്ച് (അഴീക്കോട്), പുല്ലൂപ്പിക്കടവ് (നാറാത്ത്), വയലപ്ര (ചെറുതാഴം), ജബ്ബാർക്കടവ് (പായം), പാലുകാച്ചിമല (കേളകം), പാലുകാച്ചിപ്പാറ (മാലൂർ), ഏലപ്പീടിക (കണിച്ചാർ), ഏഴരക്കുണ്ട് വെള്ളച്ചാട്ടം (ഏരുവേശി) എന്നിവയെയാണ് തെരഞ്ഞെടുത്തത്.
സംസ്ഥാനത്ത് നടപ്പാക്കുന്ന ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് വിനോദസഞ്ചാര കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കുന്നത്. ജില്ലയിലാകെ 59 ടൂറിസ്റ്റ് കേന്ദ്രങ്ങളാണുള്ളത്. ഇവയിൽ പായം പഞ്ചായത്തിലെ പെരുമ്പറമ്പ് ഇക്കോ പാർക്ക് ഒക്ടോബർ രണ്ടിന് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. മറ്റ് കേന്ദ്രങ്ങൾ ഘട്ടംഘട്ടമായി ഹരിത ടൂറിസം എന്ന ലക്ഷ്യത്തിലെത്തിക്കാനാണ് ശ്രമം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വിനോദ സഞ്ചാര വകുപ്പ്, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവ ചേർന്നാണ് ടൂറിസം കേന്ദ്രങ്ങളെ സുസ്ഥിരമായി ശുചിത്വവും വൃത്തിയുള്ളതുമായ ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറ്റാനുള്ള ശ്രമം നടത്തുന്നത്.
മാലിന്യ സംസ്കരണത്തിന് സ്ഥിരംസംവിധാനങ്ങൾ, ശുദ്ധമായ കുടിവെള്ള ലഭ്യത, ജലസ്രോതസ്സുകളുടെ സംരക്ഷണം, ഊർജസംരക്ഷണത്തിന് സംവിധാനങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ഹരിത ടൂറിസം കേന്ദ്രം പദവി സമ്മാനിക്കുന്നത്. പ്രാദേശിക ജനങ്ങളുടെ തൊഴിൽ സാധ്യത വർധിപ്പിക്കാനും ജീവിതനിലവാരം ഉയർത്താനമുള്ള പദ്ധതികൾ തുടങ്ങുന്നതും ഹരിത ടൂറിസം പ്രവർത്തനങ്ങളുടെ മാനദണ്ഡങ്ങളിൽ ഉൾപ്പെടും. ഓരോ ടൂറിസ്റ്റ്കേന്ദ്രത്തിന്റെയും അവസ്ഥാപഠനം നടത്തി വിടവുകൾ കണ്ടെത്തി, അവ പരിഹരിച്ചാണ് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..