കണ്ണൂർ> ചികിത്സാ പിഴവുകാരണം യുവതിക്ക് കാഴ്‌ച നഷ്‌ടപ്പെട്ടതായി പരാതി. അഞ്ചരക്കണ്ടി മായമാങ്കണ്ടി ഹൗസിൽ ഷജിലിന്റെ ഭാര്യ ടി രസ്‌നയാണ് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകിയത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം കോടതിയെയും സമീപിക്കും.
അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജിൽനിന്ന് മൂക്കിന് നടത്തിയ ശസ്‌ത്രക്രിയക്കിടെയാണ് കാഴ്‌ച നഷട്‌പ്പെട്ടതെന്ന് രസ്‌നയുടെ ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്നാണ് മൂക്കിലെ ദശ്‌യ്‌ക്ക് ശസ്‌ത്രക്രിയ നിർദേശിച്ചത്. ആരോഗ്യ ഇൻഷൂറൻസ് ഗുണഭോക്താവായതിനാലാണ് ശസ്‌ത്രക്രിയ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
ശസത്രക്രിയക്കുശേഷം കണ്ണിന് അസ്വസ്ഥതയുണ്ടായതിനെത്തുടർന്ന് കണ്ണൂരിലെ കണ്ണാശുപത്രിയിൽ നടത്തിയ പരിശോധനയിൽ റെറ്റിനയിലേക്കുള്ള ഞരമ്പിന് ക്ഷതമേറ്റതായി കണ്ടെത്തി. കോയമ്പത്തൂരിലെ അരവിന്ദ് കണ്ണാശുപത്രിയിലെ പരിശോധനയിലും ശസ്‌ത്രക്രിയയിൽ പറ്റിയ പിഴവാണെന്നാണ് കണ്ടെത്തിയത്. കാഴ്‌ച തിരിച്ചുകിട്ടില്ലെന്നും അവിടത്തെ ഡോക്ടർമാർ വിധിയെഴുതി. ചെന്നെയിലെയും മുംബൈയിലെയും ആശുപത്രികളിൽനടത്തിയ പരിശോധനയിലും ഡോക്ടർമാർ ഇതേ അഭിപ്രായമാണ് പറഞ്ഞത്.
കാഴ്‌ച തിരിച്ചുകിട്ടാത്തതിനാൽ മാനസികമായി തളർന്നിരിക്കുകയാണ് രസ്‌ന. കണ്ണൂരിലെ അക്ഷയ സെന്ററിൽ ജോലി ചെയ്‌തിരുന്ന യുവതിക്ക് ജോലിക്കും പോകാനാകുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കണ്ണൂർ മെഡിക്കൽ കോളേജ് അധികൃതർ ധിക്കാരപരമായാണ് പെരുമാറിയതെന്നും രസ്‌നയുടെ ഭർത്താവ് ഷജിലും സഹോദരൻ ശ്രീജിത്തും വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിതാവ് രാജൻ, തലശേരി ബ്ലോക്ക് പഞ്ചായത്തംഗം എം രമേശൻ, സിപിഐ എം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റിയംഗം കെ രജിൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..