തലശേരി
കണ്ണൂർ കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിൽ വച്ച് യുവാവിനെ കൊലപ്പെടുത്തുകയും തടയാൻ ശ്രമിച്ച സുഹൃത്തിനെ കൊല്ലാൻ ശ്രമിക്കുകയുംചെയ്‌ത കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. തിരുവനന്തപുരം വെട്ടുവിള കുടവൂർ പി എസ് ഭവനിൽ സുനിൽകുമാറിനെ (32) കൊലപ്പെടുത്തിയ മുണ്ടയാട് കോഴിഫാമിന് സമീപം പനക്കട ഹൗസിൽ പി ഹരിഹരനെയാണ് (51) ജില്ലാസെഷൻസ് ജഡ്ജി കെ ടി നിസാർ അഹമ്മദ് കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷ തിങ്കളാഴ്ച പറയും.
2017 ജനുവരി 24-ന് രാത്രി 12-നാണ് സുനിൽകുമാറിനെ തോർത്തിൽ കരിക്ക് കെട്ടി തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് മൂന്നുമാസം മുമ്പുവരെ സ്‌റ്റാൻഡിലെ ശൗചാലയത്തിന്റെ ചുമതലക്കാരനായിരുന്ന ഹരിഹരനെ മാറ്റി സുനിൽകുമാർ ഏറ്റെടുത്തതിലുള്ള വിരോധത്താലാണ് കൊലപാതകം. സുനിൽകുമാറിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് സുഹൃത്തും ബസ് ജീവനക്കാരനുമായ വിനോദിനെയും ആക്രമിച്ചത്. കേസിലെ രണ്ടാംപ്രതി മംഗളൂരു ദെർലക്കട്ട് ബെൽമ പാസ്പാടി ഹൗസിൽ ബി കെ അബ്ദുള്ള (അഷറഫ്, അസീസ്- –- 50) വിചാരണയുടെ അവസാനഘട്ടത്തിൽ ഒളിവിൽപോയി.
കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്‌കുമാർ ഹാജരായി. പ്രോസിക്യൂഷൻ 26 സാക്ഷികളെ വിസ്തരിച്ചു. 39 രേഖകളും 17 തൊണ്ടിമുതലും ഹാജരാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..