കണ്ണൂർ
ബുധനാഴ്‌ച കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 15 യാത്രക്കാരെ കടിക്കുകയും പിന്നീട് ചത്തനിലയിൽ കണ്ടെത്തുകയുംചെയ്‌ത തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു.
ജില്ലാ വെറ്ററിനറി ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് സ്ഥിരീകരണം. ഈ നായയുടെ കടിയേറ്റ പതിനഞ്ചുപേരും നിരീക്ഷണത്തിലാണ്. ഇവർ നേരത്തെ ജില്ലാ ആശുപത്രിയിലെത്തി കുത്തിവെപ്പെടുത്തിരുന്നു.
നായക്ക് പേവിഷബാധ സ്ഥിരികരിച്ചതോടെ ജനങ്ങളാകെ ഭീതിയിലാണ്. വയോജനങ്ങളും കുട്ടികളും ഉൾപ്പടെയുള്ള യാത്രക്കാർ ഭയത്തോടെയാണ് റെയിൽവേ സ്റ്റേഷനിലെത്തുന്നത്. വിഷബാധയേറ്റ നായ റെയിൽവേ സ്റ്റേഷനിലെ മറ്റുനായകളെയും കടിച്ചിരുന്നു.
തെരുവുനായ ശല്യം രൂക്ഷമായതിനാൽ യാത്രക്കാർക്ക് റെയിൽവേ പൊലീസും അധികൃതരും ജാഗ്രതാനിർദേശം നൽകുന്നുണ്ട്.
ബുധനാഴ്‌ച വൈകിട്ട് ആറുവരെയുള്ള സമയങ്ങളിലായാണ് 15 പേർക്കും കടിയേറ്റത്. സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീയെയാണ് ആദ്യം കടിച്ചത്. പിന്നീട് ട്രെയിനിറങ്ങിയ പയ്യന്നൂർ സ്വദേശിക്കും കടിയേറ്റു. 6.30 ഓടെ കിഴക്കേ കവാടത്തിനടുത്ത ക്വാർട്ടേഴ്‌സിന് സമീപത്താണ് നായയുടെ ജഡം കണ്ടെത്തിയത്.
കടിയേറ്റ നായകളെ പിടികൂടുന്നില്ല
റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചത് ഭീതി പടർത്തുന്നു. യാത്രക്കാരെ കടിച്ച നായ റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിലും പരിസരത്തുമുണ്ടായിരുന്ന നിരവധി തെരുവുനായകളെയും കടിച്ചിരുന്നു. എന്നാൽ കടിയേറ്റ നായകൾ ഇപ്പോഴും അലഞ്ഞുതിരിയുകയാണ്. ഇവയെ പിടികൂടി കുത്തിവയ്‌പ് നടത്താനോ മറ്റ് നടപടി സ്വീകരിക്കാനോ കോർപറേഷനോ റെയിൽവേ അധികൃതരോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതാണ് യാത്രക്കാരിൽ ആശങ്കയുണ്ടാക്കുന്നത്. യാത്രക്കാർ ഭയത്തോടെയാണ് വ്യാഴാഴ്‌ച റെയിൽവെ സ്റ്റേഷനിലെത്തിയത്.
ഭ്രാന്തൻനായയുടെ കടിയേറ്റ തെരുവുനായകൾ സ്റ്റേഷനിലും പരിസരപ്രദേശത്തും അലഞ്ഞുതിരിയുന്നതിൽ യാത്രക്കാരും പോർട്ടർമാരും ജീവനക്കാരും ഭീതിയിലാണ്. പ്ലാറ്റ്ഫോമിലെ ഇരിപ്പിടങ്ങളിൽ ധൈര്യമായി ഇരിക്കാനാാത്ത അവസ്ഥയിലാണ് യാത്രക്കാർ.
മനുഷ്യാവകാശ കമീഷൻ കേസെടുത്തു
കണ്ണൂർ റെയിൽവേ സ്റ്റേഷനിലും പ്ലാറ്റ്ഫോമിലും പരിസരത്തുമായി ബുധനാഴ്ച 15 പേരെ ഭ്രാന്തൻ നായ കടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. കലക്ടർ, കോർപറേഷൻ സെക്രട്ടറി, കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാനേജർ എന്നിവർ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് കമീഷൻ നോട്ടീസയച്ചു. കോർപ്പറേഷൻ സെക്രട്ടറിയും റെയിൽവേ സ്റ്റേഷൻ മാനേജരും ഡിസംബർ 18ന് പകൽ 11ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ ഹാജരാകണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു.
എട്ടുമണിക്കൂറാണ് നായ പരാക്രമം നടത്തിയത്. കടിയേറ്റ പലരുടെയും യാത്ര മുടങ്ങി. ഇത് ഗുരുതര പ്രശ്‌നമാണെന്ന് കണ്ടെത്തി മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..