30 November Saturday
കണ്ണൂർ നഗരത്തിലിറങ്ങുമ്പോൾ

‘കടി’ പേടിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2024

കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടം സമീപത്ത് കാടുമൂടിയ പ്രദേശം.

കണ്ണൂർ 
കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ തെരുവുനായ യാത്രക്കാരെ കടിച്ചുകീറിയിട്ടും നടപടിയെടുക്കാതെ അധികൃതർ. റെയിൽവേ സ്‌റ്റേഷൻ പരിസരങ്ങളിൽ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളാണ്‌ തെരുവുനായകൾ കൂടാൻ കാരണമെന്നത്‌ പകൽപോലെ വ്യക്തമായിട്ടും പരസ്‌പരം പഴിചാരുകയാണ്‌ റെയിൽവേയും കോർപറേഷനും. യാത്രക്കാരായ 15 പേരെ നായ ഓടിച്ചിട്ട്‌ കടിച്ചിട്ട്‌ ഒരു ദിവസം കഴിഞ്ഞിട്ടും തെരുവു നായകളെ നിയന്ത്രിക്കാൻ ഒരു നടപടിയുമുണ്ടായില്ല. 
  ശുചിത്വപരിപാലനത്തിൽ 2023–-24 വർഷത്തിൽ പാലക്കാട്‌ ഡിവിഷനു കീഴിൽ ഒന്നാമതാണ്‌ കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ. സ്‌റ്റേഷനകത്ത്‌ പാലിക്കുന്ന ശുചിത്വം പരിസരത്തെവിടെയുമില്ല. റെയിൽവേയുടെ അധീനതയിലുള്ള ഭൂമിയിൽ ഭൂരിഭാഗവും കാടുപിടിച്ച്‌ കിടക്കുകയാണ്‌. റെയിൽവേ സ്‌റ്റേഷൻ കിഴക്കേ കവാടത്തിന്റെ റോഡിനിരുവശവും റെയിൽവേ ക്വാർട്ടേഴ്‌സ്‌ പരിസരവും മാലിന്യം തള്ളുന്ന കേന്ദ്രമായി മാറുകയാണ്‌. നായകളുടെ സ്ഥിരം താവളവും ഈ കാടാണ്‌. സ്‌റ്റേഷൻ കഴിഞ്ഞുള്ള പാളത്തിന്‌ വശങ്ങളിലുള്ള കാടുകളിലും ഭക്ഷണാവശിഷ്‌ടങ്ങൾ വലിച്ചെറിയുന്നുണ്ട്‌. റെയിൽവേ  സ്‌റ്റേഷൻ പരിസരത്തെ റോഡുകളിൽ  അലഞ്ഞുതിരിയുന്ന നായകളെ നിയന്ത്രിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട്‌  റെയിൽവേ  ആരോഗ്യ വിഭാഗം  കോർപറേഷന്‌ കത്ത്‌ നൽകിയിരുന്നു. 
  തെരുവുനായ ആക്രമണം നിരന്തരം റിപ്പോർട്ട്‌ ചെയ്യപ്പെടുമ്പോഴും ഒരു നടപടിയും സ്വീകരിക്കില്ലെന്ന വാശിയിലാണ്‌ കണ്ണൂർ കോർപറേഷൻ. തെരുവുനായകളെ വന്ധ്യംകരിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനം ജില്ലാ പഞ്ചായത്ത്‌ ഏറ്റെടുത്ത്‌ നടപ്പാക്കുമ്പോൾ നഗരകേന്ദ്രം സ്ഥിതിചെയ്യുന്ന കോർപറേഷന്‌ അനക്കമില്ല. കൗൺസിൽ യോഗത്തിൽ എൽഡിഎഫ്‌ കൗൺസിലർമാർ നിരന്തരം വിഷയം ഉന്നയിച്ചിട്ടും ഒരു രൂപപോലും തെരുവുനായ നിയന്ത്രണ പദ്ധതിക്ക്‌ കോർപറേഷൻ നീക്കിവച്ചിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെ പടിയൂർ എബിസി കേന്ദ്രത്തിന്റെ സേവനം എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും ഉപയോഗിക്കാമെന്നിരിക്കെ അതിനും കോർപറേഷൻ മുൻകൈയടുക്കുന്നില്ല. 
 തെരുവുനായ വന്ധ്യംകരണം നടത്താൻ സംവിധാനമില്ലെന്നാണ്‌ കോർപറേഷൻ അധികൃതരുടെ മറുപടി. പടിയൂർ എബിസി കേന്ദ്രത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നില്ലെങ്കിൽ  പകരം സംവിധാനമൊരുക്കാൻ കോർപറേഷൻ തയ്യാറാവണം. കണ്ണൂർ നഗരത്തിലെ തെരുവുനായകളെ വന്ധ്യംകരിക്കാൻ കേന്ദ്രം തുടങ്ങണമെന്ന ആവശ്യവുമുയരുന്നുണ്ട്‌.  തെരുവുനായകളെ സംരക്ഷിക്കാൻ തദ്ദേശസ്ഥാപനങ്ങൾ കൂടുകൾ സ്ഥാപിക്കണമെന്ന നിർദേശവുമുയരുന്നുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top