22 December Sunday
രേഖകൾ ഹാജരാക്കും

പയ്യാമ്പലം ശ്‌മശാനം: വൻ അഴിമതി– പി കെ രാഗേഷ്

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024
കണ്ണൂർ
പയ്യാമ്പലം ശ്‌മശാനത്തിലെ പ്രവർത്തനത്തിലും വിറക്‌ ഇറക്കുന്നതിലും   ക്രമക്കേടുകളുണ്ടെന്നും കോർപ്പറേഷൻ ആരോഗ്യ സ്ഥിരംസമിതി  ചെയർമാൻ എം പി രാജേഷ്‌ അഞ്ച്‌ ലക്ഷം രൂപവരെ കൈക്കൂലി വാങ്ങിയെന്നും വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ പി കെ രാഗേഷ്‌.  കോർപ്പറേഷൻ കൗൺസിലിലാണ്‌ ആരോപണം ഉന്നയിച്ചത്‌. 
  ശ്‌മശാനം നടത്തിപ്പുമായി ബന്ധപ്പെട്ട്‌ നിരന്തരം പരാതി ഉയർന്നതായി രാഗേഷ്‌ പറഞ്ഞു.  ജീവനക്കാർ 13 ലക്ഷം രൂപ നാല്‌ മാസംവരെ കൈവശം വയ്‌ക്കുകയാണ്‌. പണം പിറ്റേദിവസം  കോർപ്പറേഷനിൽ അടക്കണമെന്ന ചട്ടം പാലിച്ചില്ല.  കൗൺസിലിൽ നേരത്തെ  പരാതി ഉയർന്നിട്ടും മേയർ  നടപടിയെടുത്തില്ല. അതിനാൽ ശ്‌മശാനത്തിൽനിന്ന്‌ പിടിച്ച രേഖകൾ വിജിലൻസിന്‌ സമർപ്പിക്കും. ശ്‌മശാനത്തിൽ എത്തിക്കുന്ന വിറകുകളുടെ ഭാരം രേഖപ്പെടുത്തുന്നില്ല. ബില്ലുകളും സൂക്ഷിച്ചിട്ടില്ല.  കണ്ടുകിട്ടിയ കരാറുകാരന്റെ ഡയറിയിലാണ്‌  ആരോഗ്യസ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഞ്ച്‌ ലക്ഷം  കൈക്കൂലി വാങ്ങിയെന്ന്‌ രേഖപ്പെടുത്തിയത്‌. കൃത്രിമ രേഖവച്ച്‌ ഇറക്കാത്ത വിറകിന്‌ പണം തട്ടുന്നുണ്ടെന്നും പ്രാഥമികാന്വേഷണത്തിൽ ബോധ്യമായി. മേയറെ വിശ്വാസമില്ലെന്നും  രേഖകൾ വിജിലൻസിന്‌ കൈമാറുമെന്നും  രാഗേഷ്‌ പറഞ്ഞു. 
 പയ്യാമ്പലത്തെ വരുമാനം കൃത്യമായി കോർപ്പറേഷനിൽ അടക്കാത്ത ജീവനക്കാരിൽനിന്ന്‌ ആ ദിവസത്തെ പലിശ ഉൾപ്പെടെയുള്ള തുക  അടക്കാൻ  നിർദേശിച്ചിട്ടുണ്ടെന്ന്‌ സെക്രട്ടറി അറിയിച്ചിട്ടുണ്ട്‌. ഇതുസംബന്ധിച്ച്‌ അന്വേഷിക്കാൻ സ്‌റ്റിയറിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്ന്‌ മേയർ മുസ്ലീഹ്‌ മഠത്തിൽ പറഞ്ഞു. 
  അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും അന്വേഷണം നേരിടാൻ തയ്യാറാണെന്നും  എം പി രാജേഷ്‌ പറഞ്ഞു. 
  നിരന്തരം പരാതികളുയരുന്ന സാഹചര്യത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റാരോപിതർ സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണം നേരിടണമെന്നും എൽ ഡി എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top