അഴീക്കോട്
അഴീക്കൽവഴി സ്ഥിരം ചരക്കുനീക്കമെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. തുറമുഖത്തുനിന്ന് ചരക്കുകപ്പൽ സർവീസ് പുനരാരംഭിക്കുമെന്നും നാല് കപ്പൽ കമ്പനികൾ സർവീസ് നടത്താൻ സന്നദ്ധത അറിയിച്ചതായും കെ വി സുമേഷ് എംഎൽഎ അറിയിച്ചു. കണ്ടെയ്നർ ലഭ്യത സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ തിങ്കൾ രാവിലെ 10.30ന് വൈസ്റ്റേൺ ഇന്ത്യ പ്ലൈവുഡിൽ യോഗം ചേരും. കപ്പൽ കമ്പനിയുടെയും മാരിടൈം ബോർഡിന്റെയും നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ്, വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ് എന്നിവയുടെ പ്രതിനിധികളും കുടകിൽനിന്ന് കാപ്പി കയറ്റുമതി ചെയ്യുന്നവരും പങ്കെടുക്കും. മലയാളികളായ നൂറുകണക്കിന് കര്‍ഷകരാണ് കുടകില്‍ കാപ്പിയും കുരുമുളകും കൃഷിചെയ്യുന്നത്. നല്ല വിലകൂടി ലഭിക്കുന്ന വേളയിൽ ചരക്കുനീക്കത്തിലൂടെ കയറ്റുമതി വർധിക്കുന്നത് മലയാളി കർഷകർക്ക് പ്രതീക്ഷയേകുന്നു.
കൊല്ലം, കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് നേരത്തെ മാരിടൈം ബോർഡ് ചരക്കുകപ്പൽ സർവീസ് നടത്തിയിരുന്നു. എന്നാലിപ്പോൾ കപ്പൽ സർവീസ് നടക്കുന്നില്ല. കപ്പൽ സർവീസ് നിർത്താനുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ച് വരികയാണ്. നിലവിൽ കസ്റ്റംസ്, എമിഗ്രേഷൻ സൗകര്യങ്ങൾക്കുള്ള ഓഫീസ് തുറമുഖത്ത് ഒരുക്കിയിട്ടുണ്ട്. തുറമുഖത്തിന് ഐഎസ് പി എസ് കോഡ് ലഭിച്ചിരുന്നു. ഇൻസെന്റീവ് നൽകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമായിട്ടുണ്ട്. തുറമുഖത്തെ ഡ്രഡ്‌ജറിന്റെ അറ്റകുറ്റപ്പണി കഴിയുന്ന മുറയ്ക്ക് ഡ്രഡ്‌ജിങ്ങും ആരംഭിക്കും. അഴീക്കൽ തുറമുഖ വികസനത്തെക്കുറിച്ച് ചർച്ചചെയ്യാൻ മാരിടൈം ബോർഡ് യോഗം ചേർന്നിരുന്നു. നിലവിൽ ഡ്രഡ്‌ജ് ചെയ്ത മെറ്റീരിയൽ പുതിയടെൻഡർ ക്ഷണിച്ച് നീക്കം ചെയ്യാനും ഡ്രജ് ചെയ്ത മണൽ ശുചീകരിക്കുന്ന പ്നാന്റിന്റെ പ്രവർത്തനം കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയുടെ അനുമതി ലഭിച്ച ഉടൻതന്നെ ആരംഭിക്കാനും ശുദ്ധജല പൈപ്പ് ലൈൻ കണക്ഷന്റെ പ്രവൃത്തി ഉടൻ തുടങ്ങാനും യോഗം തീരുമാനിച്ചു. യോഗത്തിൽ മന്ത്രി വി എൻ വാസവൻ, കെ വി സുമേഷ് എംഎൽഎ, തുറമുഖ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, മാരിടൈംബോർഡ് ചെയർമാൻ എൻ എസ് പിള്ള എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..