തലശേരി
നീണ്ട 30 വർഷം ശയ്യാവലംബിയായപ്പോഴും ദേശാഭിമാനിയെ നെഞ്ചേറ്റിയിരുന്നു പുഷ്‌പൻ. എല്ലാ ദിവസവും ദേശാഭിമാനി വായിച്ച് കേൾക്കാതെ മറ്റു കാര്യങ്ങളിലേക്ക് കടക്കില്ല. കുടുംബാംഗങ്ങളുടെയും പാർടി പ്രവർത്തകരുടെയും ദിനചര്യകളിലൊന്നായിരുന്നു പുഷ്‌പനെ ദേശാഭിമാനി വായിച്ച് കേൾപ്പിക്കുകയെന്നത്. ദേശാഭിമാനിയെ നെഞ്ചേറ്റിയ
ആ പോരാളി അവസാന അഭിമുഖം നൽകിയതും ദേശാഭിമാനിക്ക്. തന്റെ പ്രിയ സഖാവ് കോടിയേരി ബാലകൃഷ്‌ണനെക്കുറിച്ചുള്ള ഓർമകൾ പങ്കിടാനായിരുന്നു ആ അഭിമുഖം.
ദേശാഭിമാനി ചീഫ് റിപ്പോർട്ടർ പി ദിനേശൻ തയ്യാറാക്കിയ ആ അഭിമുഖത്തിന്റെ തുടക്കത്തിൽ ഇങ്ങനെ കുറിച്ചു–-‘‘ ഇടറിവീണ പൂവിന് കടുംചുവപ്പാണെന്ന് എഴുതിയത് ചലച്ചിത്രതാരം അനൂപ് ചന്ദ്രനാണ്. ആ ചുവപ്പിന് ഓരോ ആണ്ട് കഴിയുമ്പോഴും നിറംകൂടിയിട്ടേയുള്ളൂ. ഒരിക്കലും വാടാത്ത ആ പൂവ് നാടിന് പ്രത്യാശയുടെ പ്രകാശം പരത്തുന്നു. ജീവിതയാത്രയിൽ തനിക്ക് കരുതലും സ്‌നേഹസാമീപ്യവുമായി എന്നും ഒപ്പമുണ്ടായ കോടിയേരി ബാലകൃഷ്‌ണനെന്ന ജനനായകനെ ഓർത്തെടുക്കുകയാണ് ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്‌പൻ.’’
കോടിയേരിയെക്കുറിച്ച് പുഷ്‌പൻ ഇങ്ങനെ പറഞ്ഞു–-
‘‘ തലശേരി ടൗൺഹാൾ നിറഞ്ഞു കവിഞ്ഞ ജനങ്ങൾക്കിടയിലൂടെയാണ് കോടിയേരിയെ കാണാൻ ഒടുവിലെത്തിയത്. സ്‌ട്രെച്ചറിൽ കിടത്തി ആരൊക്കെയോചേർന്ന് സഖാവിന് മുന്നിൽ എത്തിക്കുകയായിരുന്നു. അന്ത്യാഭിവാദ്യം അർപ്പിക്കുമ്പോൾ ഒരുപാട് ഓർമകൾ മനസിലൂടെ കടന്നുപോയി. എന്താ, പുഷ്‌പാ...എന്ന സ്‌നേഹത്തോടെയുള്ള ആ വിളി ഓർത്തു. ആ കരുതലും സ്‌നേഹവും ഇനി ഇല്ലല്ലോ എന്നത് വല്ലാത്ത വേദനയായി. പുഞ്ചിരിക്കുന്ന ആ മുഖമായിരുന്നു ആ നിമിഷവും മനസിൽ. കോടിയേരിയുടെ വിയോഗവാർത്ത അറിഞ്ഞ രാത്രിതന്നെ സഖാവിനെ അവസാനമായി കാണാൻ മനസ്സുകൊണ്ട് തീരുമാനിച്ചതായിരുന്നു. ടി ജയേഷ് ഉൾപ്പെടെയുള്ള സഖാക്കളെ ആഗ്രഹം അറിയിച്ചപ്പോൾ അവർ ആംബുലൻസും സൗകര്യവും ഏർപ്പെടുത്തി. സന്ധ്യക്കാണ് പോയത്. ആരോടും ഒന്നും പറയാനാവാതെ തികഞ്ഞ ദുഃഖഭാരത്തോടെ മടങ്ങി. സത്യത്തിൽ അന്നു രാത്രി ഉറങ്ങാനേ സാധിച്ചില്ല. കുടുംബനാഥനെ നഷ്‌ടപ്പെട്ടതുപോലൊരു വേദനയായിരുന്നു.’’
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..