മട്ടന്നൂര്‍
കഥകള്‍, കവിതകള്‍, ചിത്രങ്ങള്‍, ഓര്‍മക്കുറിപ്പുകള്‍.. ഇങ്ങനെ നീളുന്നു മട്ടന്നൂര്‍ നഗരസഭയിലെ അങ്കണവാടി കുരുന്നുകളും അധ്യാപകരും ചേര്‍ന്ന് തയ്യാറാക്കിയ കുഞ്ഞെഴുത്തുകളുടെ പട്ടിക. താളുകള്‍ മറിയുന്തോറും വായനക്കാരെ ബാല്യകാല ഓര്‍മകളിലേക്ക് കൈപിടിച്ച് കൊണ്ടുപോകും ഈ കൈയെഴുത്ത് പ്രതി. നഗരസഭയിലെ 43 അങ്കണവാടികള്‍ തയാറാക്കിയ 43 കൈയെഴുത്ത് മാസികകളാണ് ഒറ്റദിവസം പ്രകാശിപ്പിച്ചത്. ഐസിഡിഎസിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മട്ടന്നൂര്‍ ഐസിഡിഎസ് ഇത്തരമൊരു ആശയമവുമായി മുന്നോട്ടുവന്നത്. കുരുന്നുകളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഒരുമിച്ചപ്പോള്‍ പിറന്നതോ.. സര്‍ഗാത്മക കഴിവുകളുടെ വസന്തം.
കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക വികാസത്തിന് ഊന്നൽ നൽകുക, കൈയെഴുത്ത് പ്രോത്സാഹിപ്പിക്കുക, മറ്റ് സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക, കുട്ടികൾക്ക് പ്രാവീണ്യമുള്ള മേഖലകളിൽ കൂടുതൽ അവസരങ്ങളൊരുക്കുക, മാനസിക സമ്മർദം ലഘൂകരിക്കുക തുടങ്ങിയ ലക്ഷ്യവുമായാണ് നഗരസഭ ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. നാട്ടുകാരുടെ സഹായത്തോടെ അങ്കണവാടികളുടെ ചരിത്രവും അടയാളപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഓര്‍മകളുടെ മധുരം നുകരുന്ന നൂറോളം താളുകളാണ് മാസികയിലുള്ളത്.
മികച്ച കൈയെഴുത്ത് മാസിക തെരഞ്ഞെടുക്കാനുള്ള മത്സരത്തിൽ പെരിഞ്ചേരി അങ്കണവാടി ഒന്നാംസ്ഥാനവും വെമ്പടി അങ്കണവാടി രണ്ടാംസ്ഥാനവും നേടി. നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് ഉദ്ഘാടനംചെയ്തു. വൈസ് ചെയര്‍മാന്‍ ഒ പ്രീത അധ്യക്ഷയായി. ബാലസാഹിത്യകാരൻ പയ്യന്നൂർ കുഞ്ഞിരാമൻ കൈയെഴുത്ത് മാസിക പ്രകാശിപ്പിച്ചു.
ഷീന എം കണ്ടത്തിൽ മുഖ്യഭാഷണം നടത്തി. സ്ഥിരംസമിതി അധ്യക്ഷരായ വി കെ സുഗതൻ, പി ശ്രീനാഥ്, പി അനിത, പി പ്രസീന, ഐസിഡിഎസ് സൂപ്പർവൈസർ ദീപാ തോമസ്, വിജയകുമാർ പരിയാരം, മനോജ്കുമാർ പഴശ്ശി, ശിവപ്രസാദ് പെരിയച്ചൂർ തുടങ്ങിയവർ സംസാരിച്ചു. അനുശ്രീ പുന്നാടിന്റെ നാടൻപാട്ടുകളും കലാപരിപാടികളുമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..