16 December Monday

നനഞ്ഞ് കുതിർന്ന് 
മലയോരം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

നിടുമ്പൊയിൽ -പേരിയ ചുരത്തിൽ 29 മൈലിന് മുകൾ ഭാഗത്ത് റോഡ് പിളർന്നനിലയിൽ

കണ്ണൂർ
ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ  ജില്ലയുടെ മലയോരത്ത്‌ മലവെള്ളപ്പാച്ചിൽ. മലയോര മേഖലയിലുണ്ടായ ഉരുൾപ്പൊട്ടലാണ്‌ പുഴകളിലെ വെള്ളം കരകവിഞ്ഞൊഴുകാനിടയാക്കിയത്‌. വീടുകളിൽ  വെള്ളം കയറിയതിനെ തുടർന്ന്‌ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റി. വയനാട്ടിലുണ്ടായ ഉരുൾപ്പൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലും ജില്ലയുടെ മലയോരത്തെ വെള്ളത്തിലാഴ്‌ത്തി.
ഉരുൾപ്പൊട്ടൽ ഭീഷണിയെ തുടർന്ന്‌  കണിച്ചാർ വെള്ളറയിൽ ഏഴ്‌ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നെടുംപൊയിൽ ചുരത്തിൽനിന്ന്‌ ഒഴുകിയെത്തുന്ന കാഞ്ഞിരപ്പുഴയുടെ  ജലനിരപ്പ്‌ താഴാത്തതും പ്രദേശത്ത്‌ ഭീഷണിയായുണ്ട്‌. ചൊവ്വ പകൽ കോളയാട്‌ മേഖലയിലുണ്ടായ ഉരുൾപ്പൊട്ടലിനെത്തുടർന്ന്‌ മലവെള്ളം ഒഴുകിയെത്തി.  പെരുവ പുഴയ്‌ക്ക്‌ കുറുകെയുള്ള നടപ്പാലം ഒലിച്ചുപോയി. ഇരിട്ടി മേഖലയിലും  നിരവധി പ്രദേശങ്ങളിലും വെള്ളം കയറി. ഉളിക്കൽ മേഖലയിൽ വയത്തൂർ, വട്ടിയത്തോട്‌, മണിക്കടവ്‌ ചപ്പാത്ത്‌ പാലങ്ങൾ ഒലിച്ചുപോയി . ഈ ഭാഗങ്ങളിൽ ഗതാഗതം നിലച്ചു. പഴശ്ശിഡാമിന്‌ സമീപത്തെ  വെളിയമ്പ്ര, കാഞ്ഞിരങ്കരി പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. ചാവശേരിയിൽ പാറയിടിഞ്ഞതിനെ തുടർന്ന്‌ ആറ്‌ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.  നീർവേലി, മെരുവമ്പായി, കണ്ണവം ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളിലുൾപ്പെടെ വെള്ളം കയറി .കണ്ണവം വനമേഖലയിലെ ചെമ്പുകാവ് കൊളപ്പ എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതാണ് പുഴകൾ കരകവിഞ്ഞ്  പലപ്രദേശങ്ങളും വെള്ളത്തിനടിയിലായത്. മാലൂർ പഞ്ചായത്തിലെ ചെമ്മരം, നിട്ടാറമ്പ് കുണ്ടേരിപ്പൊയിൽ, മുടപ്പത്തൂർ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.  തൃപ്പങ്ങോട്ടുർ പഞ്ചായത്തിലെ നരിക്കോട് മലയിൽ മണ്ണും  കൂറ്റൻ പാറക്കല്ലുകളും  മരങ്ങളും റോഡിലേക്കിടിഞ്ഞുവീണു. വട്ടിപ്രത്ത്‌ മറ്റൊരു ക്വാറിയിൽ മണ്ണിടിഞ്ഞു.  തളിപ്പറമ്പ്‌ തൃച്ചംബരത്ത്‌  റേഷൻകടയിൽ വെള്ളം കയറി അരിച്ചാക്കുകൾ നശിച്ചു.  ചെറുകുന്നിൽ റേഷൻ കടയിലും പാൽസൊസൈറ്റിയിലും വെള്ളം കയറി
പേരിയ ചുരത്തിൽ 
റോഡ് പിളർന്നു
നിടുമ്പൊയിൽ
തലശേരി –--ബാവലി അന്തർസംസ്ഥാന പാതയിലെ നിടുമ്പൊയിൽ- പേരിയ ചുരത്തിൽ 29 മൈലിന് മുകൾഭാഗത്ത് റോഡ് പിളർന്നു. ചൊവ്വ പുലർച്ചെ പെയ്ത കനത്ത മഴയിലാണ് റോഡ്  വിണ്ടുകീറിയത്. ഇതോടെ ചുരത്തിന് താഴെയുള്ള ജനവാസ മേഖലയിലുള്ളവർ ഉരുൾപൊട്ടൽ ഭീഷണിയിലായി. ഇതുവഴി ഗതാഗതം  നിരോധിച്ചതായും വയനാട് ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾ വാരപ്പീടിക കൊളക്കാട് വഴി പാൽച്ചുരം ഭാഗത്തുകൂടി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അറിയിച്ചു. പാൽച്ചുരത്തിലൂടെ ചരക്ക് വാഹനങ്ങൾ നിരോധിച്ചതായി കേളകം പൊലീസും അറിയിച്ചിട്ടുണ്ട്.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top