17 September Tuesday
ചാല കട്ടിങ്‌ റെയിൽവേ മേൽപ്പാലം

പരിഹരിക്കും; നാലുപതിറ്റാണ്ടിന്റെ 
യാത്രാദുരിതം

ഇ പ്രഭാകരൻUpdated: Saturday Aug 31, 2024
കണ്ണൂർ
തൊട്ടടുത്ത പ്രദേശത്തേക്ക്‌ ചുറ്റിവളഞ്ഞുള്ള യാത്രകൾ... എളുപ്പവഴിയിൽ ജീവൻ പണയംവച്ച്‌ റെയിൽവേ പാളങ്ങൾ മുറിച്ചുകടന്ന്‌ പോകുന്ന വിദ്യാർഥികളടക്കമുള്ളവർ...  പേടിപ്പെടുത്തുന്ന ഇത്തരം അവസ്ഥകൾക്കാണ്‌ ചാല കട്ടിങ്‌ റെയിൽവേ മേൽപ്പാലം അവസാനംകുറിക്കുന്നത്‌. ചൊവ്വാഴ്‌ച തോട്ടട ഗവ.പോളിടെക്നിക്  ഓഡിറ്റോറിയത്തിൽ വൈകിട്ട്‌ 4.30ന്‌  മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ റെയിൽവേ മേൽപ്പാലത്തിന് കല്ലിടും. തോട്ടടയെയും ചാലക്കുന്നിലെയും ജനങ്ങളുടെ നാലുപതിറ്റാണ്ടിന്റെ ആവശ്യമായ മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ ഒരു ജനതയുടെ യാത്രാക്ലേശത്തിനും  പരിഹാരമാകും. 
തോട്ടട ഗവ.പോളിടെക്നിക്‌, ഗവ. ഐടിഐ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളെ ചാലക്കുന്നുമായി ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിന്‌ പ്രാധാന്യം ഏറെയാണ്‌.  നാട്ടുകാരുടേയും, യുവജന, വിദ്യാർഥി സംഘടനകളുടേയും  നിരന്തര ആവശ്യം പരിഗണിച്ച്  സ്ഥലം എംഎൽഎയും  മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിരന്തര ഇടപെടലും സർക്കാരിന്റെ വികസന കാഴ്‌ചപ്പാടുമാണ്‌ മേൽപ്പാലം  യാഥാർഥ്യമാക്കുന്നത്‌. 
 30 മീറ്റർ നീളത്തിലും ഒരു ഭാഗത്ത് ഒരുമീറ്റർ വീതിയിൽ നടപ്പാതയുൾപ്പെടെ ഏഴു മീറ്റർ വീതിയിലുമാണ് മേൽപ്പാലം നിർമിക്കുന്നത്. നടപ്പാത നിർമിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട്‌ ചെറുവാഹനങ്ങൾക്കുകൂടി പോകാനാവുന്ന തരത്തിൽ  രൂപരേഖയിൽ മാറ്റംവരുത്തി ഭരണാനുമതിനേടുകയായിരുന്നു. 5.28 കോടി രൂപയാണ്‌ പദ്ധതിച്ചെലവ്‌.  2021 ജനുവരിയിൽ പൊതുമരാമത്ത് വകുപ്പ് റെയിൽവേക്ക് തുക കൈമാറി.  പിന്നീട്  എസ്റ്റിമേറ്റ്  തുക 8.08 കോടി രൂപയായി റെയിൽവേ വർധിപ്പിച്ചു. 7.02 കോടി രൂപ സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതമായും,1.06 കോടി രൂപ എംഎൽഎ ഫണ്ടിൽനിന്നുമായി  റെയിൽവേക്ക്‌ കൈമാറിയതിന് ശേഷമാണ് നിർമാണ പ്രവൃത്തികൾക്ക് തുടക്കമാകുന്നത്. റെയിൽവേക്ക് നിർമാണച്ചുമതലയുള്ള പദ്ധതി 2025 ജൂണിൽ പൂർത്തിയാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top