കണ്ണൂർ
മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങൾ മരിച്ച സാഹചര്യത്തിൽ തളിപ്പറമ്പ് നഗരസഭാ പരിധിയിൽ പ്രതിരോധപ്രവർത്തനം ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഒമ്പതാം വാർഡ് ഹിദായത്ത് നഗർ നിവാസികളായ 45ഉം 42ഉം വയസുള്ള യുവാക്കളാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഇവർക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം മരിച്ചവരുടെ വീട് സന്ദർശിച്ചു. ഡോ. അനീറ്റ കെ ജോസി, ഡോ. ലത, ഡോ. അഷ്‌റഫ്, അബ്ദുൽ ജമാൽ ടെക്നിക്കൽ അസിസ്റ്റന്റ്, എപ്പിഡാമോളോളജിസ്റ്റ് അഭിലാഷ് എന്നിവർ സംഘത്തിലുണ്ടായി.
ഉറവിടം നഗരത്തിലെ
കിണർ
തളിപ്പറമ്പ് നഗരസഭയിലെ കോർട്ട് റോഡിലെ ഷോപ്പിങ് കോംപ്ലക്സിലാണ് മഞ്ഞപ്പിത്തത്തിന്റെ ഉറവിടം കണ്ടെത്തിയത്. ഇവിടുത്തെ ടെക്‌സ്‌റ്റയിൽ ഷോപ്പ്, ട്യൂഷൻ സെന്റർ, മറ്റുകടകൾ, ഒരു ജ്യൂസ് ഷോപ്പ് എന്നിവിടങ്ങളിലെ ജീവനക്കാരിലാണ് ഹെപ്പറ്റെറ്റിസ് എ ആദ്യം റിപ്പോർട്ട് ചെയ്തത്.
ഇവിടേക്ക് പൊതുവായി വെള്ളമെടുക്കുന്ന കിണറിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. വെള്ളത്തിൽ മലം കലർന്നതായാണ് സൂചന. ഷോപ്പിങ് കോംപ്ലക്സിൽനിന്ന് രോഗബാധയുണ്ടായവരുടെ വീട്ടിലുളളവർക്കും പിന്നീട് രോഗം ബാധിച്ചു.
മഞ്ഞപ്പിത്തം തടയാൻ
മൂന്നുമർഗങ്ങൾ
ഹെപ്പറ്റൈറ്റിസ് എ വൈറസ് പകരുന്നത് മലത്തിലൂടെയാണ്. രോഗബാധിതനായ വ്യക്തിക്ക് രോഗലക്ഷണം കാണുന്നതിന് ഒരാഴ്ച മുന്നേ തന്നെ മലത്തിലൂടെ വൈറസ് പുറത്തുപോകും. വ്യക്തിശുചിത്വം പാലിക്കുകയെന്നതാണ് പ്രധാന പ്രതിരോധം. രോഗം തടയാനുള്ള മൂന്നുമാർഗങ്ങൾ.
1 തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. ജ്യൂസ് പോലെയുള്ള പാനീയങ്ങൾ തയ്യാറാക്കാനും ഇത്തരം വെള്ളം മാത്രമേ ഉപയോഗിക്കാവൂ. കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും ക്ലോറിനെറ്റ് ചെയ്യുക
2. ടോയ്‌ലറ്റിൽ പോയതിനുശേഷം കൈകാലുകൾ സോപ്പിട്ട് വൃത്തിയായി കഴുകുക. ടോയ്‌ലറ്റ് വൃത്തിയായി അണുനാശിനി ഉപയോഗിച്ചു കഴുകുക
3. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചവർ കുടുംബാംഗങ്ങളിൽനിന്നും മറ്റുള്ളവരിൽനിന്നും മൂന്നാഴ്ചത്തേക്ക് അകന്നുനിൽക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..