22 November Friday

ജീവിതത്തിൽനിന്നടർത്തി അഭ്രപാളികളിൽ പകർത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

‘കനസ് ജാഗ’യിൽ പങ്കെടുത്ത ആറളം ഫാമിലെ കുട്ടികൾ

കണ്ണൂർ

കാഴ്‌ചക്കാരെ ത്രസിപ്പിച്ച ഹ്രസ്വചിത്രങ്ങളുമായി ആറളം ഫാമിലെ കുട്ടികൾ. എറണാകുളത്ത്‌ നടന്ന ‘കനസ്‌ ജാഗ’ കുട്ടികളുടെ ഹ്രസ്വചിത്രമേളയിൽ  ‘ആനജീവിതം’, ‘ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്‌’ എന്നീ ചിത്രങ്ങളാണ്‌ കാഴ്‌ചക്കാരുടെ ശ്രദ്ധയാകർഷിച്ചത്‌. 
  ആനച്ചൂരിന്റെ ഭീതിയിൽ തണുത്തുറഞ്ഞുപോയ ജീവിതമാണ്‌  അനന്യ ബാബു സംവിധാനവും അക്ഷര മനോജ്‌ തിരക്കഥയും എഴുതിയ സിനിമ പറയുന്നത്‌. 
 സിനിമയിലെ പ്രധാന കഥാപാത്രത്തെ  അവതരിപ്പിച്ച സ്വാതി കൃഷ്ണ  ചിത്രീകരണ വേളയിലെ അനുഭവവും പങ്കുവച്ചു.  സിനിമാചിത്രീകരണം പോലും ആനപ്പേടിയിൽ ആയിരുന്നു. ആറളം ഫാമിൽ നിന്നും ചിത്രീകരിച്ച സിനിമയിൽ  ജാഗ്രതയോടെ കുട്ടികൾ തന്നെയാണ് പിന്നണിയിലും അഭിനേതാക്കളായുമെത്തിയത്. മന്യ, സ്വാതി, ശശാങ്കൻ, പ്രമിത്‌ എന്നിവരാണ്‌ അഭിനയിച്ചത്‌. മൊബൈൽ ക്യാമറയിൽ പകർത്തിയ സിനിമ കഥാവതരണംകൊണ്ടും പ്രമേയത്തിന്റെ കാലിക പ്രസക്തിയാലും പ്രേക്ഷക പ്രീതി നേടി. ചിത്രത്തിന്‌ പ്രത്യേകപരാമർശവും നേടി.  
   ആറളം ഫാമിലെ ആറ്‌ ബാച്ചിലായി 30 കുട്ടികൾക്ക്‌ വീതമാണ്‌ ഹ്രസ്വചിത്രപരിശീലനം നേടിയത്‌. സംവിധായകൻ രഞ്‌ജിത്ത്‌ വേങ്ങാടിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്‌. നാടിനെയും അവർ നേരിടുന്ന പ്രശ്‌നങ്ങളെയുംകുറിച്ച്‌  കുട്ടികൾ തന്നെ കഥയെഴുതി.  തിരക്കഥയും അവർതന്നെ.  ആറ്‌ ക്യാമ്പുകളിൽനിന്നായി 18 തിരക്കഥകൾ ലഭിച്ചു. 
ഇതിൽനിന്നും ഏറ്റവും മികച്ച ഏഴ്‌ തിരക്കഥകളാണ്‌ തെരഞ്ഞെടുത്തത്‌. കനസ്‌ ജാഗയിൽ 102 ഹ്രസ്വചിത്രങ്ങളാണ്‌  അവതരിപ്പിച്ചത്‌. ഇതിൽ ജനപ്രീതി നേടിയ പത്ത്‌ ചിത്രങ്ങളിലൊന്നാണ്‌ ‘ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്‌’. അനഘ കുഞ്ഞിരാമൻ സംവിധാനവും അപർണ തിരക്കഥയും രചിച്ച ചിത്രത്തിൽ ശ്രീനന്ദ്‌ സുകു, അഭിനന്ദ്‌, അഖിൽ എന്നിവരാണ്‌ അഭിനയിച്ചത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top