22 November Friday

കാസർകോട്‌ ഗവ. കോളേജിൽ വരൂ; പലതരം കല്ലുകാണാം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

കാസർകോട്‌ ഗവ. കോളേജിലെ നവീകരിച്ച ജിയോളജി മ്യൂസിയം

കാസർകോട്‌
കല്ലുകൾ, ധാതുക്കൾ, ഫോസിലുകൾ എന്നിവ ഉൾപ്പെടെയുള്ള ജിയോളജിക്കൽ സാമ്പിളുകളുടെ വലിയ ശേഖരവുമായി കാസർകോട്‌ ഗവ. കോളേജ്‌. ജിയോളജി മ്യൂസിയം നവീകരണത്തിന്റെ ഭാഗമായാണ്‌ കോളേജ്‌ ഈ നേട്ടം കൈവരിച്ചത്‌. 
ഏറ്റവും സുലഭമായി ലഭ്യമായ ക്വാർട്സ്‌ കല്ലിന്റെ വിവിധ വകഭേദങ്ങൾ മുതൽ വിവിധ ധാതുക്കളുടെ ശേഖരം വരെ ഈ മ്യൂസിയത്തിലുണ്ട്‌. സ്വർണത്തിന്റെ സാന്നിധ്യമുള്ള ഓറിഫറസ് ക്വാർട്സ് ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തിനകത്തും പുറത്തുനിന്നും ശേഖരിച്ച ലാവയിൽനിന്ന് രൂപപ്പെട്ട ആഗ്നേയ ശില, കായാന്തരിത ശില, അവസാദ ശില എന്നിവയുടെ സമാഹാരവും പ്രദർശിപ്പിച്ചിട്ടുണ്ട്‌.
ശിലകളുടെയും ഭൂമിയിലെ സ്ട്രാറ്റകളെയും കുറിച്ചുള്ള പഠനത്തിന്‌ സഹായിക്കുന്ന ഫോസിലുകളുടെ ശേഖരവും ഇവിടെയുണ്ട്. ഫോസിലുകളുടെ സാന്നിധ്യം ശിലകളിലും സ്ട്രാറ്റകളിലും കാണുന്നതനുസരിച്ച് ചില ശിലകളുടെ പ്രായം പറയാൻ ജിയോളജിസ്റ്റുകൾക്ക് സാധിക്കും.
പഴയകാലം മുതൽ ജിയോളജി പഠനവുമായി ബന്ധപ്പെട്ടുള്ള ഫീൽഡ്‌ വർക്കിൽ ഉപയോഗിച്ചുവരുന്ന വിവിധ ഉപകരണങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്‌. 1962 മുതൽ വിവിധ സ്കീമുകളിലായി വാങ്ങിയതും എല്ലാ വർഷത്തെയും ജിയോളജി പഠനത്തിന്റെ അത്യാവശ്യമായ ഫീൽഡ് വർക്കിന്റെ ഭാഗമായാണ് വിദ്യാർഥികളും അധ്യാപകരും ശേഖരിച്ച് സൂക്ഷിച്ചതുമായ സാമ്പിളുകളാണ്‌ ഇപ്പോഴുള്ളത്.
മ്യൂസിയം നവീകരണത്തിനായി കോളേജിയറ്റ് വിദ്യാഭ്യാസ വകുപ്പ് 31 ലക്ഷം രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പാണ്‌ നവീകരണം പൂർത്തിയാക്കിയത്‌. നവീകരിച്ച മ്യൂസിയവും പെട്രോളജി ലാബും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു  ഉദ്ഘാടനം ചെയ്‌തു. 
മ്യൂസിയത്തോടൊപ്പം പെട്രോളജി ലാബും നവീകരിച്ചു. ധാതുക്കളും ശിലകളും പൊടിക്കാനുള്ള പൾവറൈസറും ശിലകളെയും ധാതുക്കളെയും മൈക്രോസ്‌കോപ്പിൽ നിരീക്ഷിക്കുന്നതിനായി നേരിയ കനത്തിൽ മുറിക്കാനുള്ള ആധുനിക ഉപകരണങ്ങളും ഈ ലാബിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top