30 December Monday

കെ വി ദിനേശന്റെ ദുരൂഹ മരണം
 അന്വേഷണം ഊർജിതമാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024
നീലേശ്വരം
കിനാനൂർ റോഡിലെ ജെസിബി ഉട കെ വി ദിനേശന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.  മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ ദിനേശന്റെ  ഭാര്യ പ്രമീള ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് നീലേശ്വരം പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയത്‌. ഇതിനുപിന്നാലെ മരണത്തിൽ ബന്ധമുള്ളതായി സംശയിക്കുന്ന മുൻ ക്ഷേത്ര സ്ഥാനികൻ ഒളിവിൽപോയി. കേസന്വേഷിക്കുന്ന നീലേശ്വരം എസ്ഐ മധുസൂദനൻ മടിക്കൈയും സംഘവും വെള്ളിയാഴ്ച കമ്പല്ലൂരിലെ വീട്ടിലെത്തിയപ്പോഴാണ് ഇയാൾ സ്ഥലത്തില്ലെന്ന വിവരം ലഭിച്ചത്.  ആഗസ്‌ത്‌ 19ന് രാവിലെയാണ് ദിനേശനെ നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപം കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  
മരിക്കുന്ന സമയത്ത് ദിനേശനൊപ്പം കാറിൽ ക്ഷേത്ര സ്ഥാനികനും ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസം മുമ്പ്‌ ഇയാളെ പൊലീസ് ചോദ്യംചെയ്‌തു. തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ  ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനുമുമ്പേ ഇയാൾ നാട്ടിൽനിന്നും മാറുകയായിരുന്നു.  ക്ഷേത്ര സ്ഥാനികന്റെ ചുമതലയിൽനിന്നുംഏതാനും ദിവസം മുമ്പ്‌  ഇയാളെ നീക്കിയിരുന്നു. 
കാസർകോട് ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ദിനേശന്റെ മരണകാരണം  ഹൃദയാഘാതമെന്നാണ്‌  പ്രാഥമിക റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന്‌ ആന്തരികാവയവങ്ങളുടെ വിദഗ്ധ പരിശോധനാ ഫലം വന്നാലേ കൂടുതൽ എന്തെങ്കിലും പറയാൻ കഴിയൂവെന്ന്‌ പൊലീസ്  പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top