കാഞ്ഞങ്ങാട്
ജില്ലയിലെ എച്ച്ഐവി ബാധിതര്‍ക്ക് കൗൺസിലിങും എആർടി ചികിത്സയും ഉറപ്പാക്കി ആരോഗ്യവകുപ്പ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെ 15,675 പേരെ പരിശോധിച്ചപ്പോൾ 20 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. കാസർകോട് ജനറൽ ആശുപത്രിയിലെ ഉഷസ് ചികിത്സാ കേന്ദ്രത്തിൽ 930 പേർക്ക് ചികിത്സ നൽകുന്നുണ്ട്.
പരിശോധനയും കൗൺസിലിങും സൗജന്യമാണ്. വിവരങ്ങൾ രഹസ്യവുമായിരിക്കും. രോഗപ്രതിരോധത്തിനായി നാല് സുരക്ഷാ പ്രൊജക്‌ടുകൾ പ്രവർത്തിക്കുന്നുണ്ട്. പാൻടെക്, കെഎൻപി പ്ലസ്, സിആർഡി എന്നീ സന്നദ്ധ സംഘടനകളാണ് സുരക്ഷാ പ്രൊജക്ടുകൾ നടത്തുന്നത്. എആർടി കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത് ചികിത്സയിലുള്ളവർക്ക് അണുബാധിതരുടെ കൂട്ടായ്‌മയായ കെയർ സപ്പോർട്ട് സെന്ററും പിന്തുണയേകുന്നു.
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പോഷകാഹാര വിതരണം, സർക്കാർ സഹായത്തോടെ പ്രതിമാസ ധനസഹായം, സൗജന്യ ചികിത്സയും പരിശോധനയും സൗജന്യ പാസ്‌മിയർ(ഗർഭാശയ കാൻസർ) പരിശോധന, "സ്നേഹപൂർവ്വം" വിദ്യാഭ്യാസ സ്കോളർഷിപ്പ് എന്നിവയും നടപ്പാക്കുന്നുണ്ട്. സാമൂഹ്യ സുരക്ഷാ മിഷൻ കെയർ ടീമാണ് പിന്തുണ ഉറപ്പാക്കുന്നത്. ലൈഫ് പദ്ധതിയിൽ എച്ച്ഐവി ബാധിതർക്ക് മുൻഗണന നൽകുകയും ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ നടത്തിയ ഏയ്‌ഡ്‌സ് ദിനാചരണ പരിപാടി എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർമാൻ അബാസ് ബീഗം അധ്യക്ഷനായി. എസ് എൻ സരിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ് സന്ദേശം നൽകി. ഖാലിദ് പച്ചക്കാട്, വിമല ശ്രീധർ, ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ഡോ. സച്ചിൻ സെൽവ് എന്നിവർ സംസരിച്ചു. ഡോ. ആരതി രഞ്ജിത് സ്വാഗതവും അബ്ദുൾ ലത്തീഫ് മഠത്തിൽ നന്ദിയും പറഞ്ഞു. യോഗീഷ് ഷെട്ടി സെമിനാറിൽ വിഷയം അവതരിപ്പിച്ചു. ബോധവൽക്കരണ റാലി മത്സരത്തിൽ ഉദുമ സീമെറ്റ് നഴ്സിങ് കോളേജ് ഒന്നാം സ്ഥാനവും കാസര്‍കോട് ഗവ. ജെപിഎച്ച്എൻ പരിശീലന സ്‌കൂൾ രണ്ടാം സ്ഥാനവും നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..