19 December Thursday

സിപിഐ എം സമ്മേളനത്തിൽ പതാകഗാനവുമായി ‘പാടുന്ന പടവാളി’ന്റെ ചെറുമകൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

സിപിഐ എം കണ്ടോത്ത് സൗത്ത് ബ്രാഞ്ച് സമ്മേളനത്തിന്‌ പതാക ഉയർന്നപ്പോൾ ഡോ. സുജ വിനോദ് പതാകഗാനം 
ആലപിക്കുന്നു

പയ്യന്നൂർ
‘‘പൊങ്ങുക, പൊങ്ങുക വാനിലേക്കാശുനീ
മംഗള രക്തപതാകേ മേൻമേൽ
മർദിതലക്ഷത്തെ കോൾമയിർകൊള്ളിക്കും
മഞ്ജുളച്ചെമ്പനീർപൂന്തോട്ടമേ
ഭാവുകദായകം ഭാവിതെളിയിക്കും
ഭാസുരകാഞ്ചനക്കൈവിളക്കേ’’   –-രക്തപതാകയെ വാഴ്‌ത്തി, പാടുന്ന പടവാൾ എന്നറിയപ്പെടുന്ന ടി എസ്‌ തിരുമുമ്പ്‌ എഴുതിയ ഗാനം അദ്ദേഹത്തിന്റെ  ചെറുമകൾ  ഡോ. സുജ വിനോദ്‌ പാടിയപ്പോൾ പങ്കെടുത്തവർക്ക്‌ ആവേശം. സംസ്ഥാനത്ത്‌ സിപിഐ എം ബ്രാഞ്ച്‌ സമ്മേളനങ്ങൾക്ക്‌ ഞായറാഴ്‌ച തുടക്കമായപ്പോൾ,  പയ്യന്നൂർ ഏരിയയിലെ  കണ്ടോത്ത്‌ സൗത്ത്‌ ബ്രാഞ്ച്‌ സമ്മേളനത്തിലാണ്‌ സുജ വിനോദ്‌ മുത്തച്ഛൻ എഴുതിയ ഗാനം ആലപിച്ചത്‌.  
സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന തിരുമുമ്പിനെ  ‘പാടുന്ന പടവാൾ’ എന്ന്‌ വിശേഷിപ്പിച്ചത്‌  ഇ എം എസാണ്‌. ‘തലനരയ്ക്കുവതല്ലെന്റെ വൃദ്ധത്വം’ എന്നു തുടങ്ങുന്ന പ്രസിദ്ധ കവിതയും തിരുമുമ്പിന്റേതാണ്. സിപിഐ എം സമ്മേളനങ്ങളിൽ ഔദ്യോഗിക  പതാകഗാനം  ‘ജയ് പതാകേ രക്തപതാകേ’ എന്ന് തുടങ്ങുന്നതാണെങ്കിലും ഉത്തരകേരളത്തിൽ പലയിടത്തും  സമ്മേളനത്തുടക്കത്തിൽ പതാകവന്ദനമായി തിരുമുമ്പിന്റെ ഗാനമാണ്‌ ആലപിക്കുക. തിരുമുമ്പിന്റെ മകൾ റിട്ട. അധ്യാപിക പി സി  പ്രസന്നയുടെ മകളായ ഡോ. സുജ വിനോദ് അറിയപ്പെടുന്ന  ജീവകാരുണ്യ പ്രവർത്തകയാണ്.  
മലബാറിലാകെ ദേശീയപ്രസ്ഥാനവും തുടർന്ന് കമ്യൂണിസ്റ്റ്–- കർഷക പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിന് ത്യാഗപൂർവം പ്രവർത്തിച്ച വിപ്ലവകാരിയായിരുന്നു ടി സുബ്രഹ്മണ്യൻ  തിരുമുമ്പ് എന്ന ടി എസ്‌ തിരുമുമ്പ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top