22 December Sunday

അധ്വാനം പാഴായില്ല; 
കൃഷിയിടം സമ്പന്നം

ടി കെ പ്രഭാകരകുമാര്‍Updated: Monday Sep 2, 2024

പെരിയ പുക്കളത്തെ പി സി അമ്പൂഞ്ഞി കൃഷിത്തോട്ടത്തിൽ

പെരിയ
പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്ത് അമ്പൂഞ്ഞിയുടെ അധ്വാനം പാഴായില്ല. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച്‌ പച്ചക്കറി കൃഷിയിൽ നേടിയത്‌  മികച്ച വിളവ്‌. പെരിയ പുക്കളം സ്വദേശി പി സി അമ്പൂഞ്ഞി (49) ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്താണ്  പച്ചക്കറി കൃഷി ആരംഭിച്ചത്. പാവയ്ക്ക, നരമ്പൻ, പടവലം തുടങ്ങിയവയാണ് പ്രധാനം. മറ്റ് പച്ചക്കറി ഇനങ്ങളും കൃഷി ചെയ്യുന്നുണ്ട്. പൂർണമായും ജൈവവളം ഉപയോഗിച്ചുള്ള കൃഷിക്ക് കനത്ത മഴയും കീട ശല്യവും വെല്ലുവിളി സൃഷ്ടിച്ചെങ്കിലും അമ്പൂഞ്ഞി തളർന്നില്ല. മറ്റ് പലരുടെയും കൃഷി  കനത്ത മഴയിൽ നശിച്ചപ്പോൾ  അമ്പൂഞ്ഞിയുടെ അനുഭവം വ്യത്യസ്തം. കൃത്യമായ പരിചരണത്തിലൂടെ മഴക്കാലത്ത് വിളയിച്ച് വിൽപ്പന നടത്തിയത് രണ്ട് ക്വിന്റൽ പച്ചക്കറി.  വേനൽക്കാലത്ത് ഇതേ സ്ഥലത്ത് അമ്പൂഞ്ഞി നാനൂറോളം വാഴ നട്ടെങ്കിലും ജലക്ഷാമം കാരണം എല്ലാം ഉണങ്ങി. 
പാട്ടത്തിനെടുക്കുന്ന സ്ഥലങ്ങളിൽ അമ്പൂഞ്ഞി കൃഷി ചെയ്യാൻ തുടങ്ങിയിട്ട് പത്തുവർഷമായി. അഞ്ചുവർഷം മുമ്പ് മൂന്നേക്കർ സ്ഥലം പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്തിരുന്നു. അതും വൻവിജയമായിരുന്നു. അമ്പൂഞ്ഞിക്ക് സ്വന്തമായി 50 സെന്റ് സ്ഥലമുണ്ട്. ഇവിടെ 200 കവുങ്ങും 25 തെങ്ങുമുണ്ട്. പുല്ലൂർ-പെരിയ പഞ്ചായത്തിലെ മികച്ച കർഷകനുള്ള പുരസ്‌കാരവും  അമ്പൂഞ്ഞിയെ തേടിയെത്തിയിരുന്നു. ഭാര്യ ലക്ഷ്മിക്കും ഇളയമകൾ  അഞ്ജിമക്കുമൊപ്പമാണ്  താമസം. മൂത്തമകൾ അഞ്ജലി വിവാഹിതയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top