കാസർകോട്
സംസ്ഥാന സർക്കാർ സമഗ്രശിക്ഷാ കേരള വഴി നടപ്പിലാക്കുന്ന നൈപുണി വികസന കേന്ദ്രങ്ങൾ ജില്ലയിൽ 13 സ്‌കൂളിൽകൂടി. പ്ലസ്ടുവിൽ പഠിക്കുന്നവർ, പ്ലസ്‌ടു പഠനം പാതിവഴിയിലാക്കിയവർ, സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്തവർ, മറ്റു പിന്നോക്ക മേഖലയിലുള്ളവർ, ഭിന്നശേഷി കുട്ടികൾ തുടങ്ങിയവർക്ക് തൊഴിൽ വൈദഗ്‌ധ്യം നൽകുന്നതാണ് പദ്ധതി. പ്രാഥമിക പ്രവർത്തനങ്ങൾക്ക് ഓരോ കേന്ദ്രത്തിനും 21.5 ലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചു.
ഒരു വർഷം കാലാവധിയുള്ള തൊഴിലധിഷ്‌ഠിത കോഴ്സുകളിൽ 15 നും 23 നും ഇടയിൽ പ്രായമുള്ളവർക്കാണ് പ്രവേശനം. ഒരു കേന്ദ്രത്തിൽ രണ്ടുകോഴ്‌സിലായി 25 വീതം കുട്ടികൾക്കാണ് പരിശീലനം. സ്കൂളുകളുടെ നിലവിലുള്ള പ്രവർത്തനങ്ങൾക്ക് തടസം വരാത്ത രീതിയിലാണ് കോഴ്സുകൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബിയാണ് രക്ഷാധികാരി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ എസ് എൻ സരിത പദ്ധതിയുടെ ചെയർപേഴ്‌സൺ. കലക്ടർ കെ ഇമ്പശേഖർ (വൈസ് ചെയർമാൻ), എസ്‌എസ്‌കെ ജില്ലാ പ്രൊജക്ട് കോഡിനേറ്റർ വി എസ് ബിജുരാജ് (കൺവീനർ).
കോഴ്‌സുകൾ ഇവ
മൊബൈൽ ഫോൺ റിപ്പയർ ടെക്നീഷ്യൻ, അസിസ്റ്റന്റ് റോബോട്ടിക്സ് ടെക്നീഷ്യൻ, ഇ വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, പ്ലാന്റ് ടിഷ്യൂകൾച്ചർ ടെക്നീഷ്യൻ, ഗ്രാഫിക് ഡിസൈനർ, ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ, ജിഎസ്ടി അസിസ്റ്റൻഡ്, ആനിമേറ്റർ മീഡിയ ആൻഡ് എന്റർടൈൻമെന്റ്, ഫിറ്റ്നസ് ട്രെയിനർ, കോസ്‌മറ്റോളജിസ്റ്റ്, സിസിടിവി ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ, സോളാർ എൽഇഡി ടെക്നീഷ്യൻ, ഇന്റീരിയർ ഡിസൈനർ, ബേക്കിങ്ങ് ടെക്നീഷ്യൻ, വെബ് ഡെവലപ്പർ.
കോഴ്‌സുകൾ
ഈ സ്‌കൂളുകളിൽ
ചെറുവത്തൂർ ടെക്‌നിക്കൽ സ്‌കൂൾ, തൃക്കരിപ്പൂർ വിപിപിഎംകെപിഎസ്, കയ്യൂർ ജിവിഎച്ച്എസ്എസ്, ഉദിനൂർ ജിഎച്ച്എസ്എസ്, കാഞ്ഞങ്ങാട് ജിവിഎച്ച്എസ്എസ്, മടിക്കൈ ജിവിഎച്ച്എസ്എസ്, പാണത്തൂർ ജിഡബ്ലുഎച്ച്എസ്, കോട്ടപ്പുറം ജിവിഎച്ച്എസ്എസ്, കാസർകോട് ജിവിഎച്ച്എസ്എസ് ഫോർ ഗേൾസ്, മൊഗ്രാൽ ജിവിഎച്ച്എസ്എസ്, മുള്ളേരിയ ജിവിഎച്ച്എസ്എസ്, മാലോത്ത് കസബ ജിഎച്ച്എസ്എസ്, വെള്ളിക്കോത്ത് മഹാകവി പി സ്‌മാരക ഹയർസെക്കൻഡറി സ്‌കൂൾ
സ്വയം തൊഴിൽ പരിശീലനത്തിന്റെ പൈലറ്റ് പ്രൊജക്ട് കുഞ്ചത്തൂർ ജിവിഎച്ച്‌എസ്‌എസിൽ കഴിഞ്ഞവർഷം ആരംഭിച്ചിരുന്നു.
തൊഴിൽ സാധ്യത ഏറെയുള്ള മേഖലകളിൽ പ്രാവീണ്യമുള്ളവരെ വാർത്തെടുക്കുകയും അതുവഴി തൊഴിലില്ലായ്മയ്ക്ക് പരിഹാരമുണ്ടാക്കുകയുമാണ് ലക്ഷ്യമിടുന്നത്.
ടി പ്രകാശൻ
പ്രോഗ്രാം ഓഫീസർ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..