നീലേശ്വരം
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, മാർക്കറ്റ് ഡവലപ്മെന്റ് പദ്ധതി പ്രകാരം മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ വിപണി ശൃംഖല വികസനത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ ആരംഭിക്കുന്ന കേരള ഗ്രോ ബ്രാന്റഡ് ഷോപ്പുകളുടെ ജില്ലാതല ഉദ്ഘാടനം നീലേശ്വരത്ത് നടന്നു.
താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്തു.
കേരള ഗ്രോ ബ്രാൻഡിന് കീഴിൽ വരുന്ന വിഷരഹിതമായ ശുദ്ധമായ ധാന്യങ്ങൾ, ധാന്യവിള ഉൽപ്പന്നങ്ങൾ, തേൻ മുതലായ കാർഷിക ഉത്പന്നങ്ങളും മൂല്യ വർധിത ഉൽപ്പന്നങ്ങളും വിവിധ മില്ലറ്റ് ഉൽപ്പന്നങ്ങളും സംഭരിക്കുകയും ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
വിവിധ ജില്ലകളിൽ ഉത്പ്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള കേരള ഗ്രോ ബ്രാൻഡ് ചെയ്ത ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഔട്ട് ലെറ്റിൽ ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അധ്യക്ഷനായി. കാസർകോട് ആത്മ പ്രോജക്ട് ഡയറക്ടർ എ സുരേന്ദ്രൻ ആദ്യ വില്പന നടത്തി.
പ്രിൻസിപ്പൽ കൃഷി ഓഫീസർ പി രാഘവേന്ദ്ര, കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ എൻ ജ്യോതികുമാരി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ ബിന്ദു, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ വി സുജാത, മെമ്പർ ടി എസ് നജീബ്, പി വി ഷീബ, ടി വി തങ്കമണി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..