മുള്ളേരിയ
ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടകമത്സരത്തിലെ മികച്ച നടനും നടിയും ബാലസംഘം വേനൽത്തുമ്പി കലാജാഥാംഗങ്ങൾ. കാറഡുക്ക ഏരിയാ ജാഥയിലാണ് ഇരുവരും പ്രവർത്തിച്ചത്. ഉദിനൂർ കിനാത്തിലെ നാട്ടകം വേദിയിൽ 10 നാടകങ്ങളോട് മത്സരിച്ച് ഒന്നാമതെത്തിയ ഇരിയണ്ണി ജിവിഎച്ച്എസ്എസിന്റെ ‘ഓർമയിൽ കാടുള്ള മൃഗം' ത്തിലൂടെ മികച്ച നടിയായ സി കെ നിതീന ബാലസംഘം മുളിയാർ വില്ലേജ് പ്രസിഡന്റാണ്.
ഹൈസ്കൂൾ നാടക മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒരു തവണയും ജില്ലയിലും ഉപജില്ലാ തലത്തിലും രണ്ട് തവണയും മികച്ച നടിയുമായി. മുളിയാർ കെട്ടുംകല്ല് കോലാച്ചിയടുക്കത്തെ കെ എം ചന്തുക്കുട്ടിയുടെയും വി മിനിയുടെയും മകളാണ്. സഹോദരി സി കെ നിയ.
കാറഡുക്ക ജിവിഎച്ച്എസ്എസ് ഒരുക്കിയ 'സ്കാവഞ്ചേഴ്സ്' നാടകത്തിൽ മണിയനായി വേഷമിട്ട് മികച്ച നടനായ എൻ ധാർമിക് കാറഡുക്ക കാടകം കർമംതോടി നാർളം സ്വദേശിയാണ്. രണ്ട് വർഷമായി ധാർമിക് നാടകത്തിന്റെ പിന്നണി പ്രവർത്തകനായിരുന്നു. നാടകമൊരുക്കിയ വേനൽതുമ്പി സംസ്ഥാന പരിശീലകൻ പ്രവീൺ കാടകമാണ് അരങ്ങിലേക്ക് കൊണ്ടുവന്നത്. ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാന അമേച്വർ നാടക മത്സരത്തിൽ മികച്ച ദീപസംവിധാനത്തിനുള്ള പുരസ്‌കാരം നേടിയ കെഎസ്ഇബി ജീവനക്കാരനായ സുധാകരന്റെയും ശ്രീഷയുടെയും മകനാണ്. ധാർമികിന്റെ സഹോദരി തന്മയ കഴിഞ്ഞ വർഷം ഹൈസ്കൂൾ തലത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..