22 December Sunday

പുരസ്കാരത്തിളക്കത്തിൽ വീണ്ടും 
കിനാനൂർ– കരിന്തളം സിഡിഎസ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

കിനാനൂർ– കരിന്തളം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റ്‌ ടി കെ രവിക്കൊപ്പം

നീലേശ്വരം
കിനാനൂർ കരിന്തളത്തിന്‌  വീണ്ടും മികച്ച കുടുംബശ്രീ സിഡിഎസ്സിനുള്ള സംസ്ഥാനതല പുരസ്കാരം. സൗദി അറേബ്യയിലെ ദമാം നവോദയ പ്രവാസി വെൽഫെയർ ആൻഡ് കെയർ ചാരിറ്റബിൾ ട്രസ്റ്റ്‌ ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരമാണ്‌  സിഡിഎസിന് ലഭിച്ചത്‌. 
മികച്ച സിഡിഎസ്സിനുള്ള ദേശീയ പുരസ്കാരം ഏതാനും മാസം മുമ്പാണ്‌ കിനാനൂർ കരിന്തളത്തിന്‌ ലഭിച്ചത്‌.  ഹൈദരാബാദ് ആസ്ഥാനമായ ‘അപ്മാസ്‌’ (ആന്ധ്രാപ്രദേശ് മഹിളാ അഭിവൃദ്ധി സൊസൈറ്റി) നൽകുന്ന  എസ്എച്ച്ജി ഫെഡറേഷൻസ്  പുരസ്‌കാരമാണ്‌ അന്ന്‌ ലഭിച്ചത്‌. ഇതുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ സിഡിഎസ്സിനെ തേടിയെത്തി.
വൈവിധ്യമാർന്ന സംരംഭങ്ങളിലൂടെ കുടുംബശ്രീകൾക്ക്‌ മാതൃകയാണ്‌ കിനാനൂർ കരിന്തളം. 393 അയൽക്കൂട്ടങ്ങളിലായി 5971 അംഗങ്ങൾ ഇവിടെയുണ്ട്‌. 12 കോടി രൂപയാണ്‌  ആകെ സമ്പാദ്യം.
ബട്ടർ ഫ്ലൈ ഹാൻഡ്‌ ലൂം ഫ്ലോർ മാറ്റ്‌ യൂണിറ്റ്‌, പഞ്ചായത്ത്‌ ഹെൽപ്പ്‌ ഡസ്‌ക്‌, അപ്പാരൽ പാർക്ക്‌, സിറ്റിസൺ ഇൻഫർമേഷൻ ബോർഡ്‌ നിർമാണം. ബ്യൂട്ടി പാർലർ, കോഴി ഫാം,  ഓയിൽ ആൻഡ്‌ ഫ്ലോർ മിൽ, മാ കെയർ സെന്റർ തുടങ്ങി 475 ഓളം സംരംഭങ്ങൾ സജീവമായി  നടത്തുന്നുണ്ട്‌. ഉഷ രാജുവാണ്‌ സിഡിഎസ്‌  ചെയർപേഴ്സൺ. 
ദമാം നവോദയയുടെ പുരസ്‌കാരം നാലിന്‌  പകൽ മൂന്നിന്  മലപ്പുറം, പൊന്നാനി എ വി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മാനിക്കും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top