17 September Tuesday

ഗ്രൂപ്പ് വായ്പ വാഗ്ദാനം ചെയ്ത്‌ തട്ടിപ്പ്; 
നിരവധി സ്ത്രീകള്‍ക്ക് പണം നഷ്ടമായി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024
കാഞ്ഞങ്ങാട്  
ഗ്രൂപ്പ് വായ്പ  വാഗ്ദാനം ചെയ്തുള്ള  തട്ടിപ്പിൽ അമ്പലത്തറ, ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി സ്ത്രീകൾക്ക് പണം നഷ്ടമായി. കണ്ണൂർ ബ്രാഞ്ച് ഫിനാൻസ് എന്ന കമ്പനിയുടെ പേരിലാണ്  ഗ്രൂപ്പ് വായ്പ നൽകുന്നുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നത്.
തായന്നൂർ എണ്ണപ്പാറയിലും ബേക്കലിലും നിരവധി സ്ത്രീകളാണ് തട്ടിപ്പിനിരയായത്. തമിഴ് സംസാരിക്കുന്ന യുവാവാണ് ഗ്രൂപ്പ് വായ്‌പ കമ്പനിയിലെ ജീവനക്കാരനാണെന്ന്  വിശ്വസിപ്പിച്ച് സ്ത്രീകളിൽ നിന്ന് പണം വാങ്ങിയതെന്നാണ് പരാതി. 60,000 രൂപ വായ്പ നൽകുമെന്നും ഇതിന് മുന്നോടിയായി കുറച്ചുതുക  ഇൻഷൂറൻസായി നൽകണമെന്നുമാണ്  സ്ത്രീകളെ അറിയിച്ചത്. ഇത് വിശ്വസിച്ച് പണം നൽകിയവരാണ് വെട്ടിലായത്. പണം നഷ്ടപ്പെട്ട എണ്ണപ്പാറ സ്വദേശിനി  അമ്പലത്തറ പോലീസിൽ പരാതി നൽകി. ബേക്കലിൽ നിരവധി പേർക്ക് വായ്പ നൽകിയിട്ടുണ്ടെന്ന്  തെറ്റിദ്ധരിപ്പിച്ചാണ് എണ്ണപ്പാറയിലെ സ്ത്രീകളിൽ നിന്ന് പണം വാങ്ങിയത്.
അടുത്ത ദിവസം തന്നെ സ്ഥലത്തെത്തുമെന്നും  1320 രൂപ വീതം മുത്തുവേൽ എന്ന പേരിൽ അയക്കുവാനും പറഞ്ഞു.  എന്നാൽ പണം അയച്ചുകൊടുത്ത ശേഷം യുവാവിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
തമിഴ്‌നാട്ടിലെ ഒരു ബാങ്കിലേക്കാണ് പണം പോയതെന്നാണ് സംശയിക്കുന്നത്. അക്കൗണ്ടിൽനിന്ന് ഏതെങ്കിലും ലിങ്ക് വഴി പണം ഉടമ അറിയാതെ പിൻവലിച്ചുള്ള തട്ടിപ്പ് വ്യാപകമായതിനാൽ ഇതിനെതിരെ ബോധവൽക്കരണം നടക്കുന്നതിനിടെയാണ് പണം നേരിട്ടയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടുള്ള തട്ടിപ്പ്. അമ്പലത്തറ പോലീസ്  അന്വേഷണമാരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top