പുല്ലൂർ
ജലവിതരണ പൈപ്പ് സ്ഥാപിക്കുന്ന ജോലിക്കിടെ തടത്തിൽ ചാലിങ്കാൽ റോഡ് പൊട്ടിപ്പൊളിഞ്ഞു. ഇതോടെ ഇതുവഴി യാത്ര ദുഷ്‌കരമായെന്ന് നാട്ടുകാർ. പഞ്ചായത്തിലെ 14ാം വാർഡിൽ തടത്തിൽ പ്രദേശത്തെയും ചാലിങ്കാലിനെയും ബന്ധിപ്പിക്കുന്ന റോഡിന്റെ ഒരു വശത്ത് കിളച്ച് പഞ്ചായത്ത് ജലനിധി പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്ന ജോലി നടന്നുവരികയാണ്.
ചിലയിടങ്ങളിൽ പൈപ്പ് സ്ഥാപിച്ച് മണ്ണുമൂടിയിട്ടുണ്ട്. മറ്റ് ഭാഗങ്ങളിൽ കുഴിയെടുത്ത നിലയിലാണ്. കനത്ത മഴ കാരണം ജോലി താൽക്കാലികമായി നിർത്തി. കുഴിയെടുത്ത ഭാഗങ്ങളിലെല്ലാം റോഡിന്റെ അരിക് തകർന്നു. നിരവധി തവണ ജെസിബി പോയതിനാൽ റോഡിന്റെ മധ്യഭാഗവും തകർന്നു. സ്ഥിരമായി ഓട്ടോകളും കാറും ഇരുചക്രവാഹനങ്ങളും പോകുന്ന റോഡിൽ ഇതോടെ അപകടസാധ്യതയും വർധിച്ചു. കനത്ത മഴ വരുമ്പോൾ റോഡ് ചെളിക്കുളമാവും. കയറ്റവും ഇറക്കവും കൂടുതലുള്ള റോഡായതിനാൽ വാഹനങ്ങൾ തെന്നി വീഴുന്ന സാഹചര്യമാണ്.
പൈപ്പിടൽ ജോലി പൂർത്തിയാകാതെ റോഡ് പൂർവ സ്ഥിതിയിലാകില്ല. എന്നാൽ ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. പൈപ്പിടൽ പൂർത്തിയായ ശേഷം റോഡ് കോൺക്രീറ്റ് ചെയ്യുമെന്നും മഴ കാരണമാണ് ജോലി സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതെന്നും പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..