22 December Sunday

ഏരിയാസമ്മേളനം പൂർത്തിയായി; ഇനി കാഞ്ഞങ്ങാട്ടേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024
കാസർകോട്‌
സിപിഐ എമ്മിന്റെ ഏരിയകളിലെ ശക്തിയും ദൗർബല്യവും ഇഴകീറി പരിശോധിച്ച്‌ 12 ഏരിയാസമ്മേളനങ്ങളും പൂർത്തിയായി. വലതുപക്ഷ മാധ്യമങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കും പാർടിയുടെ സുസംഘടിതമായ ജനാധിപത്യ ഇടപെടലിനെ ഒരുസന്ദർഭത്തിൽപോലും വിമർശിക്കാൻ ഇട നൽകാതെയാണ്‌ ഏരിയാസമ്മേളനങ്ങൾ ഉജ്വലമായി സമാപിച്ചത്‌.
നവംബർ മൂന്നിന്‌ പുല്ലൂരിൽ കാഞ്ഞങ്ങാട്‌ സമ്മേളനത്തോടെയാണ്‌ ജില്ലയിലെ ഏരിയാസമ്മേളനങ്ങൾക്ക്‌ തുടക്കമായത്‌. ഷെഡ്യൂൾ ചെയ്‌ത പ്രകാരം സമ്മേളനങ്ങൾ കൃത്യമായി പൂർത്തിയാക്കി, ഫെബ്രുവരി ആദ്യവാരം കാഞ്ഞങ്ങാട്‌ നടക്കുന്ന ജില്ലാസമ്മേളനത്തിന്‌ പ്രവർത്തകർ തയ്യാറെടുക്കുകയാണ്‌. സംഘാടകസമിതി രൂപീകരിച്ച്‌  പ്രവർത്തനം ഊർജിതമായി നടക്കുന്നു.
മുൻകാലങ്ങളിൽ, സമ്മേളന കാലത്ത്‌, വലതുപക്ഷ മാധ്യമങ്ങളിൽ പാർടിക്കെതിരായ നിർമിത കഥകൾ വ്യാപകമായി പ്രചരിക്കാറുണ്ട്‌. ഇത്തവണ അത്തരം കഥകൾ ഉണ്ടായില്ലെന്ന്‌ മാത്രമല്ല, സമ്മേളനങ്ങളിൽ ഉയർന്ന പോസിറ്റീവായ വിമർശന, സ്വയം വിമർശന ഉൾപ്പാർടി ചർച്ചകൾ പുറത്തറിഞ്ഞുമില്ല. കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജനെതിരായി മാധ്യമങ്ങളുണ്ടാക്കിയ കള്ളക്കഥ, ഉദുമ ഏരിയാസമ്മേളന സമയത്താണ്‌ വിവാദമാക്കിയത്‌. രണ്ടുദിവസത്തിനകം തന്നെ അത്‌ കഥയില്ലാക്കഥയായി. 
12 ഏരിയാസമ്മേളനങ്ങളും അതിന്റെ ഭാരവാഹി തെരഞ്ഞെടുപ്പും ഇത്തവണ ഏകകണ്‌ഠമായിരുന്നു എന്നത്‌, ജില്ലയിലെ പാർടിയുടെ കെട്ടുറപ്പിനെയാണ്‌ കാണിക്കുന്നത്‌. ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതിൽ, സർക്കാരിന്റെ ശ്രദ്ധ ഉയർത്തിക്കൊണ്ടുവരുന്നതിൽ, പുതിയ കാലത്തെ കടമകൾ ഏറ്റെടുക്കുന്നതിൽ എല്ലാം, സമ്മേളനങ്ങൾ ഒറ്റക്കെട്ടായി. പുതിയ കാലത്ത്‌ പുതിയ വിഷയങ്ങൾ ഏറ്റെടുത്ത്‌ പാർടിയെ സമരസജ്ജരാക്കാനുള്ള ആഹ്വാനമാണ്‌ സമ്മേളനങ്ങളിൽ ഉയർന്നത്‌. അതിനുപറ്റിയ തഴക്കം വന്ന നേതാക്കളുടെ അനുഭവ പരിചയവും പുതിയ തലമുറയിലെ ഊർജസ്വലതയും കൂട്ടിയിണക്കിയാണ്‌ ഏരിയാസമ്മേളനങ്ങൾ പൂർത്തിയായത്‌. 
കനത്ത മഴകാരണം, മഞ്ചേശ്വരം സമ്മേളനത്തിലെ പൊതുസമ്മേളനം മാറ്റിവച്ചത്‌ ഒഴിച്ചാൽ, 11 ഇടത്തും പൊതുസമ്മേളനങ്ങളിൽ ആയിരങ്ങളാണ്‌ എത്തിയത്‌. ഓരോയിടത്തും ആയിരത്തിനും രണ്ടായിരത്തിനും ഇടയിൽ ചുവപ്പുവണ്ടിയർമാരും അണിനിരന്നു. പതിനായിരത്തിൽ കുറയാത്ത ബഹുജനങ്ങളും അണിനിരന്നു.  പതിനായിരത്തിൽ കൂടുതൽ ചുവപ്പസേനയും ലക്ഷത്തിൽ കൂടുതൽ ബഹുജനങ്ങളും അണിനിരന്ന സംഘടിത അനുഭവമാണ്‌ സിപിഐ എമ്മിൽ കഴിഞ്ഞുപോയത്‌. ഫെബ്രുവരിയിൽ, ഇതേ ബഹുജനങ്ങളും ചുവപ്പുസേനയും കാഞ്ഞങ്ങാട്ട്‌, പുതിയ കരുത്തോടെ ഒരിക്കൽകൂടി അണിനിരക്കും. 
ആറിടത്ത്‌ പുതിയ സെക്രട്ടറിമാർ
ജില്ലയിലെ 12 ഏരിയകളിൽ ആറിടത്ത്‌ പുതിയ ഏരിയാസെക്രട്ടറിമാരെയാണ്‌ തെരഞ്ഞെടുത്തത്‌. അതെല്ലാം ഏകകണ്‌ഠമായും. തീർത്തും ജനാധിപത്യരീതിയിൽ, പാർടി, കൃത്യമായ തലമുറ മാറ്റം നടപ്പിലാക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണിത്‌. 
ഏരിയാകമ്മിറ്റികളിൽ യുവജന, സ്‌ത്രീ, ന്യൂനപക്ഷ, പിന്നാക്ക പ്രാതിനിധ്യം ഉറപ്പാക്കിയതും മികച്ച മാതൃകയാണ്‌.
മഞ്ചേശ്വരം: വി വി രമേശൻ, കാസർകോട്‌: ടി എം എ കരീം, ബേഡകം: സി രാമചന്ദ്രൻ, എളേരി: എ അപ്പുക്കുട്ടൻ,  ചെറുവത്തൂർ: മാധവൻ മണിയറ,  തൃക്കരിപ്പൂർ: പി കുഞ്ഞിക്കണ്ണൻ എന്നിവരാണ്‌ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഏരിയാസെക്രട്ടറിമാർ. 
കുമ്പള: സി എ സുബൈർ,  കാറഡുക്ക: എം മാധവൻ, ഉദുമ: മധു മുതിയക്കാൽ, കാഞ്ഞങ്ങാട്:  കെ രാജ്മോഹൻ, പനത്തടി: ഒക്ലാവ് കൃഷ്ണൻ, നീലേശ്വരം: എം രാജൻ എന്നിവരെ വീണ്ടും  സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top