23 December Monday

മികവോടെ ഗ്രാമീണ റോഡുകൾ; 
വേണം എങ്ങും ഗ്രാമവണ്ടികൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024
കാഞ്ഞങ്ങാട്‌ 
ഗ്രാമീണ റോഡുകളെല്ലാം മികച്ച നിലവാരത്തിലായതോടെ ബസ്‌ റൂട്ടുകളിലില്ലാത്ത റോഡുകളിലെല്ലാം ബസുകൾ വേണമെന്ന ആവശ്യം ശക്തം. കാഞ്ഞങ്ങാട്‌, തൃക്കരിപ്പൂർ, ഉദുമ  മണ്ഡലങ്ങളിലെ അവികിസിത ഗ്രാമങ്ങളെ  ബന്ധിപ്പിച്ച്‌ ത്രിതലപഞ്ചായത്തും പൊതുമരാമത്ത്‌ വകുപ്പും മെച്ചപ്പെട്ട റോഡുകൾ നിർമിച്ചതോടെയാണ്‌ ഇവിടങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന വിധം കെഎസ്‌ആർടിസിയുടെ ഗ്രാമവണ്ടികളോ സ്വകാര്യ ബസുകളോ അനുവദിക്കണമെന്ന ആവശ്യമുയർന്നത്‌.
കോടോം ബേളൂർ –- കിനാനുർ കരിന്തളം, വെസ്‌റ്റ്‌ എളേരി   പഞ്ചായത്തുകളെ ബന്ധിപ്പിച്ച്‌ കാഞ്ഞങ്ങാട്‌ നിന്ന്‌ എളേരിത്തട്ടിലേക്ക്‌ കെഎസ്‌ആർടിസി ബസ്‌ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം ബേളൂർ ലോക്കൽ കമ്മറ്റി  അധികൃതർക്ക്‌ നിവേദനംനൽകി. 
 കാഞ്ഞങ്ങാട്‌ നഗരവുമായും താലൂക്ക്‌ ആസ്ഥാനമായ വെള്ളരിക്കുണ്ടുമായും ബന്ധപ്പെടാൻ  കാഞ്ഞങ്ങാട്‌ –- മൂന്നാംമൈൽ, പറക്കളായി എണ്ണപ്പാറ, പോർക്കളം കുറ്റിയോട്ട്‌ ബേളൂർ ശിവക്ഷേത്രം, കുഞ്ഞിക്കൊച്ചി നായിക്കയം പരപ്പ, കാരാട്ട്‌ പന്നിത്തടം വെള്ളരിക്കുണ്ട്‌, പ്ലാച്ചിക്കര മാങ്ങോട്‌ വഴി എളേരിത്തട്ടിലേക്ക്‌ കെഎസ്‌ആർടിസി ബസ്‌ അനുവദിക്കണമെന്നാണ്‌ ആവശ്യം. ഈ  റൂട്ട്‌  ആശുപത്രി, സ്‌കൂൾ,  കോളേജ്‌,  ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്ത്‌ ആസ്ഥാനങ്ങൾ,  ആരാധനാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാമുള്ള മികച്ച യാത്രാ സൗകര്യം ഒരുക്കും. 
നിർത്തലാക്കിയ കാഞ്ഞങ്ങാട്‌ –- രാവണീശ്വരം റൂട്ടിലെ കെഎസ്‌ആർടിസി ബസ്‌ പുനസ്ഥാപിക്കണമെന്നാവാശ്യപ്പെട്ട്‌ വേലാശ്വരം സഫ്‌ദർ ഹാശ്‌മി ക്ലബ്ബും അധികൃതർക്ക്‌ നിവേദനം നൽകി. വെള്ളിക്കോത്ത്‌ പെരളം, തട്ടുമ്മൽ, വേലാശ്വരം പാണന്തോട്‌  നമ്പ്യാരടുക്കം,  രാവണീശ്വരം മേഖലയിലെ നൂറുകണക്കിന്‌ കുടുംബംഗങ്ങൾക്ക്‌ യാത്രാ സൗകര്യമൊരുക്കിയ റൂട്ടാണിത്‌. കോടോത്തേക്ക്‌  കാഞ്ഞങ്ങാട്‌ ഒടയംചാൽ വഴി കെഎസ്‌ആർടിസി ബസ്‌ വേണമെന്നതാണ്‌ മറ്റൊരാവശ്യം.  കോടോം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, ഐടിഐ എന്നിവിടങ്ങളിലേക്കെത്താൻ വിദ്യാർഥികൾ ഇപ്പോഴും ഒടയഞ്ചാലിൽ നിന്ന്‌ ജീപ്പ്‌ സർവീസിനെയാണ്‌ ആശ്രയിക്കുന്നത്‌.  
മടിക്കൈ പഞ്ചായത്തിൽ നിന്നും  കാഞ്ഞങ്ങാട്, നീലേശ്വരം ന​ഗരങ്ങളിലേക്കല്ലാതെ കിഴക്കൻ മേഖലകളിലെ പഞ്ചായത്തിലേക്ക് നേരിട്ടുള്ള യാത്രാ സൗകര്യങ്ങളില്ല. കോടോം ബേളൂർ, ബളാൽ, കിനാനൂർ കരിന്തളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച്, കാഞ്ഞങ്ങാട് നിന്ന് ജില്ലാ ആശുപത്രി, മടിക്കൈ അമ്പലത്തുകര, കാഞ്ഞിരപ്പൊയിൽ, എണ്ണപ്പാറ, കാലിച്ചാനടുക്കം, പരപ്പ, വെള്ളരിക്കുണ്ട് റൂട്ടിൽ ബസ് സർവീസ് അനുവ​ദിക്കണമെന്നാണ് മറ്റൊരു ആവശ്യം.   നിലവിൽ വെള്ളരിക്കുണ്ടിലെ താലൂക്ക് ആസ്ഥാനത്തെത്താൻ കോടോം ബേളൂരിലെ  ആനക്കുഴിക്കാർ മൂന്ന് ബസുകൾ മാറിക്കയറണം.  ഒട്ടനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടുംബാരോ​ഗ്യ കേന്ദ്രങ്ങളും  ഈ മേഖലയിലുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top