വെള്ളരിക്കുണ്ട്
ബളാൽ മുത്തപ്പൻ മലയിലെ കരിങ്കൽ ക്വാറിയിൽ മഴവെള്ളം കെട്ടിക്കിടന്ന് അപകടസ്ഥിതിയിലാണെന്ന പരാതിയെ തുടർന്ന് സബ് കലക്ടർ സൂഫിയാൻ അഹമ്മദും ജിയോളജി വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ചു. കലക്ടറേറ്റിൽ നടന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ വിഷയം ചർച്ചയായതിനെ തുടർന്നാണ് കലക്ടറുടെ നിർദേശ പ്രകാരം നടപടി. പ്രദേശത്തെ സാഹചര്യംസംബന്ധിച്ച വിശദ റിപ്പോർട്ട് തയാറാക്കി ജില്ലാ ഭരണകേന്ദ്രത്തിന് സമർപ്പിക്കുമെന്ന് ജിയോളജി വകുപ്പ് അധികൃതർ അറിയിച്ചു. മലയോര മേഖലയിലെ ദുരന്തസാധ്യതാ പ്രദേശങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്താൻ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലും തീരുമാനിച്ചിട്ടുണ്ട്. ക്വാറിയുടെ ഭാഗത്ത് കെട്ടിക്കിടക്കുന്ന വെള്ളം പമ്പ് ചെയ്ത് മാറ്റാൻ സബ് കലക്ടർ ക്വാറി ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബളാൽ പഞ്ചായത്ത് സെക്രട്ടറി അജയഘോഷ്, പഞ്ചായത്ത് അംഗം സന്ധ്യ ശിവൻ, ഹെഡ് ക്ലാർക്ക് സുനിൽ കുമാർ എന്നിവരും ക്വാറി സന്ദർശിച്ചു. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ക്വാറിയിൽ സംഭരിക്കപ്പെട്ടതെന്നും വീണ്ടും അതിതീവ്ര മഴ പെയ്താൽ വൻ ദുരന്തമായിരിക്കും സംഭവിക്കുകയെന്നും നാട്ടുകാർ ആശങ്ക അറിയിച്ചു.. ക്വാറിക്ക് സമീപം കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യണമെന്ന നിർദേശം പോലും പാലിക്കപ്പെട്ടിട്ടില്ല. തൊട്ടു താഴെയുള്ള പ്രദേശത്തു മാത്രം 40 കുടുംബം താമസിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..