കാസർകോട്
പട്ടികവർഗ കുടുംബങ്ങൾക്ക് വീടൊരുക്കണമെന്ന പരാതിയുമായി അദാലത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി ബേബിയും. പെരിങ്കയയിലെ പട്ടികവർഗക്കാരായ എം കെ രാജേഷ്, എലുമ്പൻ എന്നിവർക്ക് വീടൊരുക്കാൻ പരാതി പരിഗണിച്ച മന്ത്രി നിർദേശം നൽകി.
പെരിങ്കയ റോഡ് നിർമാണത്തിന് മണ്ണ് എടുത്തതിനാൽ ഇവരുടെ വീടിനും ജീവനും ഭീഷണി നേരിടുന്നു എന്ന പരാതിയാണ് അദാലത്തിലെത്തിയത്. ഇരുവർക്ക് രണ്ട് വീട് നിർമിക്കാൻ ജില്ലാപഞ്ചായത്ത് ഫണ്ട് വിനിയോഗിക്കാൻ മന്ത്രി അനുമതി നൽകി. വീട് മതിൽ കെട്ടി സംരക്ഷിക്കുന്നത് സ്ഥലക്കുറവ് മൂലം പ്രായോഗികമല്ലാത്തതിനാലാണ് പുതിയ വീടിനുള്ള അപേക്ഷയുമായി ജില്ലാ പഞ്ചായത്ത് പ്രസഡിന്റ് എത്തിയത്. 10 ലക്ഷം രൂപ വീതം വീടിന് ജില്ലാ പഞ്ചായത്ത് അനുവദിച്ചെങ്കിലും വ്യക്തിഗത അനുകൂല്യം നൽകാൻ സാധ്യമല്ലാത്തതിനാൽ നടപ്പിലാക്കാനായില്ല. അതിനാലാണ് സർക്കാരിന്റെ അനുമതിക്ക് പ്രത്യേകമായി അപേക്ഷിച്ചത്. കാലങ്ങളായുള്ള കാത്തിരിപ്പിന് പരിഹാരമുണ്ടാക്കാൻ അദാലത്തിൽ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..