22 November Friday

ദേശാഭിമാനി ചിത്രങ്ങൾ 
ചർച്ചയാക്കി മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024
കാസർകോട്‌
കാസർകോട്‌ നഗരസഭയിലെയും ചെർക്കളയിലെയും മംഗൽപാടിയിലേയും മാലിന്യം സംബന്ധിച്ച്‌ ‘മന്ത്രി രാജേഷ്‌ അറിയാൻ’ എന്ന ക്യാപ്‌ഷനിൽ ദേശാഭിമാനി ചൊവ്വാഴ്‌ച പ്രസിദ്ധീകരിച്ച ചിത്രങ്ങൾ ചർച്ചയാക്കി മന്ത്രി എം ബി രാജേഷ്‌. ഉദ്‌ഘാടന ചടങ്ങ്‌ കഴിഞ്ഞപ്പോഴാണ്‌, മന്ത്രി ദേശാഭിമാനിയിലെ ചിത്രങ്ങൾ ശ്രദ്ധിച്ചത്‌. ഉപ്പളയിലെ മാലിന്യ വീഡിയോയുടെ ദൃശ്യങ്ങളും മന്ത്രി മൊബൈലിൽ പരിശോധിച്ചു. 
‘മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മാലിന്യം സംബന്ധിച്ച ഫോട്ടോകളും അയച്ചു കിട്ടിയ വീഡിയോകളും ശ്രദ്ധയിൽപ്പെട്ടു. കഴിഞ്ഞ തവണ കാസർകോട് വന്നപ്പോൾ പ്രഭാത നടത്തത്തിനിടയിൽ റോഡരികിൽ മാലിന്യങ്ങൾ തള്ളിയത് കണ്ടതാണ്‌.  അതിനെ തുടർന്ന് ചില നടപടികൾ സ്വീകരിക്കുകയും ചെയ്തു. ആ പ്രദേശത്ത്  കുറെ മാറ്റം വന്നിട്ടുണ്ട്‌. ചൊവ്വാഴ്‌ച രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ അന്നു മാലിന്യങ്ങൾ തള്ളിയ സ്ഥലത്ത് മാറ്റമുണ്ട്‌. എന്നാൽ കുറെ കൂടി മുന്നോട്ട് പോയപ്പോൾ മാലിന്യങ്ങൾ കാണാൻ കഴിഞ്ഞു.
മാലിന്യ നിർമാർജനത്തിൽ കേരളത്തിലുണ്ടായ മാറ്റത്തിനനുസരിച്ച് കാസർകോട് മാറ്റം ഉണ്ടാകുന്നില്ലെന്നത് ഗൗരവമായി കാണണം. മാലിന്യ പരിപാലനത്തിൽ വീഴ്ച വരുത്തുന്നത് നിരാശാജനകമാണ്‌.  
മാലിന്യനിർമാർജത്തിൽ തദ്ദേശ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിന് നിയമം ഭേദഗതി ചെയ്തിട്ടുണ്ട് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുത്‌.  ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജില്ലാതല എൻഫോഴ്സ്മെന്റ്‌ സ്ക്വാഡും ശക്തമായ നടപടി സ്വീകരിക്കണം. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും’–- മന്ത്രി രാജേഷ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top