മഞ്ചേശ്വരം
ഉപ്പള ടൗണിൽ സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ പണം നിറക്കാനെത്തിയ വാൻ തകർത്ത് 50 ലക്ഷം കവർന്ന കേസിലെ ഒരു പ്രതി പിടിയിൽ. തമിഴ്‌നാട് സ്വദേശി മുത്തുകുമാരനാ(47) ണ് തിരുച്ചിറപ്പള്ളി രാംജി നഗറിൽ മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്.
മാർച്ച് 27ന് പകൽ രണ്ടിനാണ് നഗരത്തിലെ ആക്സിസ് ബാങ്കിലേക്ക് പണവുമായെത്തിയ വാനിൽനിന്നും 50 ലക്ഷം കവർച്ച ചെയ്തത്. മുത്തുകുമാരൻ ഉൾപ്പെട്ട അഞ്ചംഗ സംഘം വാനിന്റെ പുറകിലെ ഗ്ലാസ് തകർത്ത് പണമെടുക്കുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ എടിഎമിൽ പണം നിറക്കാൻ പോയ സമയം നോക്കിയായിരുന്നു മോഷണം. സുരക്ഷിതമായി കൊണ്ടുപോകേണ്ട വാഹനം ആയിരുന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥരോ വാഹനത്തിന് ഇരുമ്പ് ഗ്രില്ലോ ഉണ്ടായിരുന്നില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ കവർച്ചാസംഘത്തിൽ തമിഴ്‌നാട് സ്വദേശികളാണെന്ന് കണ്ടെത്തിയിരുന്നു.
ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദ്ദേശ പ്രകാരം കാസർകോട് ഡിവൈഎസ്‌പി സി കെ സുനിൽകുമാർ, ഇൻസ്പെക്ടർ പി ടോൾസൺ എന്നിവരുടെ നേതൃത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. മറ്റ് നാല് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..