പിലിക്കോട്
രാജ്യത്ത് ആദ്യമായി നിർമൽ പുരസ്കാരം നേടിയ പിലിക്കോട് പഞ്ചായത്ത് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിലും മുന്നിൽ. എല്ലാ വാർഡുകളിലും ശുചിത്വ മികവ് കൈവരിച്ചു.
ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 29 മിനി എംസിഎഫ്, വിദ്യാലയങ്ങൾക്കുള്ള റിങ് കമ്പോസ്റ്റ് എന്നിവ വിതരണംചെയ്തു. അങ്കണവാടി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പഞ്ചായത്ത് ഓഫീസടക്കമുള്ള ഓഫീസുകൾ തുടങ്ങിയ എല്ലാസ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിച്ചു. അവയെ ഹരിത സ്ഥാപനങ്ങളായി ഉയർത്തി.
32 ഹരിതകർമസേനാംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. കഴിഞ്ഞ രണ്ട് വർഷമായി ഹരിതമിത്രം ആപ്പ് ഉപയോഗിച്ചാണ് അജൈവ മാലിന്യ ശേഖരിക്കുന്നത്. പ്ലാസ്റ്റിക്കിന് പുറമേ ചെരുപ്പ്, ബാഗ്, ചില്ലുമാലിന്യം, തുണി, ഇ മാലിന്യം, അപകടകരമായ മാലിന്യം തുടങ്ങി എല്ലാ അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നു.
കൂടാതെ തനിമ കാറ്ററിങ് സെന്റർ എന്ന പേരിൽ ഹരിത കർമസേന ഒരു സംരംഭംകൂടി ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നടക്കുന്ന എല്ലാ ചടങ്ങുകളും പരിപാടികളും ഹരിത നിയമങ്ങൾ പാലിച്ചുനടത്തുന്നതിന് സഹായിക്കാനാണ് സംരംഭം. 2000 സ്റ്റീൽ ഗ്ലാസും 1000 സ്റ്റീൽ പ്ലേറ്റും മറ്റ് അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
അജൈവ മാലിന്യവും കൃത്യമായി ശേഖരിക്കും
അജൈവ മാലിന്യ ശേഖരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. ആനിക്കാടിയിൽ ആധുനിക സൗകര്യങ്ങളോടെ എംസിഎഫ് സ്ഥാപിച്ചു. വെയിങ് മെഷീൻ, ബെയിലിങ് മെഷീൻ, ഫയർ ആൻഡ് റസ്ക്യൂ സംവിധാനം, കുടിവെള്ളത്തിനുള്ള സൗകര്യം, ടോയ്‌ലറ്റ്, വിശ്രമമുറി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. 47 മിനി എംസിഎഫും 16 ട്രോളിയും വാങ്ങി. ഒരു വൈദ്യുത ഓട്ടോയുമുണ്ട്.
1422 പൈപ്പ് കമ്പോസ്റ്റും 1334 റിങ് കമ്പോസ്റ്റും 757 ബയോബിന്നും വിതരണംചെയ്തു. മൂന്ന് വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ 900 സോക്ക് പിറ്റ് നിർമിച്ചുനൽകി. ആറുലക്ഷം രൂപ ചെലവിൽ വെള്ളച്ചാൽ ഗവ. മോഡൽ റെസിഡൻസി സ്കൂളിൽ ഗോവർധൻ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു. പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുമ്പൂർമുഴി കമ്പോസ്റ്റ് സംവിധാനമൊരുക്കി. ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം അറിയിച്ചു കൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചു.
ദേശീയപാതയിൽ ശുചിത്വ മിഷന്റെ സഹായത്തോടെ ഓരോ ടേയ്ക്ക് എ ബ്രേക്ക് സ്ഥാപിച്ചു. ഫ്രണ്ട്സ് ക്ലബ് കാലിക്കടവ്, നാരായണ സ്മാരക വായനശാല ഓലാട്ട്, മാണിയാട്ട് എന്നിവിടങ്ങളിൽ പൊതുശൗചാലയം നിർമിച്ചു. പഞ്ചായത്തിലെ 193 വീടുകൾക്ക് ശുചിമുറി അറ്റകുറ്റപ്പണിക്ക് പണം അനുവദിച്ചിട്ടുണ്ട്. പിലിക്കോട് ജലഗുണ നിലവാര പരിശോധനാ ലാബ് ആരംഭിച്ചു. പ്ലാസ്റ്റിക്കിന് ബദലായി തുണിസഞ്ചി നിർമാണ യൂണിറ്റ് വെള്ളച്ചാലിൽ ആരംഭിച്ചു. കുന്നുംകിണറ്റുകര ചന്തേര പടിഞ്ഞാറേക്കര എന്നിവിടങ്ങളിലും തുണിസഞ്ചി നിർമാണ യൂണിറ്റുകളുണ്ട്.
പുതുതായി പിലിക്കോട് ഗവ. യുപി സ്കൂൾ, കൊടക്കാട്, ചന്തേര, പാടീക്കിൽ വിദ്യാലയങ്ങളിൽ തുമ്പൂർമുഴി കമ്പോസ്റ്റ് സംവിധാനമൊരുക്കും. പഞ്ചായത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറയും ഹരിത കർമസേനയുടെ സംരംഭമായി ഇനോക്കുലം നിർമാണ യൂണിറ്റ് ആരംഭിക്കുന്നതിന് പദ്ധതിയായി.
എല്ലാവരെയും പങ്കാളിയാക്കും
പഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും മാലിന്യ നിർമാർജന പ്രവർത്തനത്തിന്റെ ഭാഗമാക്കും. സ്ഥാപന മേധാവികൾ രാഷ്ട്രീയ പാർടികൾ, യുവജന സംഘടനകൾ, മഹിളാ സംഘടനകൾ, വ്യാപാരികൾ, കുടുംബശ്രീ എഡിഎസ്, സിഡിഎസ് യോഗങ്ങൾ യോഗം ചേർന്നു. എല്ലാ വാർഡുകളിലും ഹരിത കർമ്മസേന യൂത്ത് മീറ്റ് സംഘടിപ്പിച്ചു.
പി പി പ്രസന്നകുമാരി
പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ്
ടൗൺ സൗന്ദര്യവൽക്കരിക്കും
കാലിക്കടവ്, വെള്ളച്ചാൽ ടൗണുകൾ മാലിന്യമുക്തമാക്കി സൗന്ദര്യവൽക്കരിക്കും. നൂറുശതമാനം ഹരിത അയൽക്കൂട്ടങ്ങളാക്കൽ, തോടുകളും കുളങ്ങളും പുഴകളും ഉൾപ്പെടെ എല്ലാ ജലാശയങ്ങളും മാലിന്യമുക്തമാക്കി സംരക്ഷിക്കൽ, വലിയ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാലിന്യ സംസ്കരണ ഉപാധികൾ ഉറപ്പാക്കൽ തുടങ്ങി വിപുലമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തത്.
എ കൃഷ്ണൻ, പിലിക്കോട്
പഞ്ചായത്ത് വൈസ് പ്രസിഡന്റ്
നിയമ ലംഘനങ്ങൾക്കെതിരെ നടപടി
മാലിന്യമുക്ത നവകേരളം സ്വച്ഛതാഹി സേവ ജനകീയ ക്യാമ്പയിനുകളുടെ ഭാഗമായി ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനം പഞ്ചായത്തിൽ ഊർജിതമാണ്. നിയമ ലംഘനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ ഉണ്ടാവും. ബോധവൽക്കരണവും സജീവമാണ്. സമ്പൂർണ മാലിന്യ നിർമാർജനം ലക്ഷ്യമാക്കി വിപുലമായ പദ്ധതി ഏറ്റെടുത്ത് പൂർത്തീകരിച്ചു. മാലിന്യ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രയാണത്തിലാണ്. ലക്ഷ്യം കൈവരിക്കുന്നതിനും സ്ഥായിയായി നിലനിർത്തുന്നതിനും ജനങ്ങളുടെ സഹകരണം അഭ്യർഥിക്കുന്നു.
മധുസൂദനൻ, സെക്രട്ടറി പിലിക്കോട് പഞ്ചായത്ത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..