23 December Monday
ജില്ലയിൽ ഏരിയാസമ്മേളനങ്ങൾക്ക്‌ തുടക്കമായി

പുല്ലൂരിൽ ആവേശ ചെങ്കൊടി

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

സിപിഐ എം കാഞ്ഞങ്ങാട് ഏരിയാസമ്മേളനം പുല്ലൂർ എ കെ നാരായണൻ, പാവൽ കുഞ്ഞിക്കണ്ണൻ നഗറിൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്ഘാടനംചെയ്യുന്നു

കാഞ്ഞങ്ങാട്‌ 
ജില്ലയിലെ ആദ്യ സിപിഐ എം ഏരിയാസമ്മേളനത്തിന്‌ പുല്ലൂരിൽ ആവേശത്തുടക്കം. കാഞ്ഞങ്ങാട് ഏരിയാസമ്മേളനം, കാർഷിക സമരപോരാട്ടങ്ങളുടെ ഗ്രാമമായ പുല്ലൂരിലെ  എ കെ നാരായണൻ, പാവൽ കുഞ്ഞിക്കണ്ണൻ നഗറിലാണ്‌ തുടങ്ങിയത്‌. പ്രത്യേകം തയ്യാറാക്കിയ നഗറിൽ ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.
തിങ്കളാഴ്ചയും തുടരുന്ന സമ്മേളനത്തിന്‌  മുതിർന്ന അംഗം എ കൃഷ്‌ണൻ പതാക ഉയർത്തിയതോടെയാണ്‌ തുടക്കമായത്‌. പ്രതിനിധി സമ്മേളനത്തിൽ  ഏരിയാകമ്മിറ്റി അംഗം എം പൊക്ലൻ താൽക്കാലിക അധ്യക്ഷനായി. ശിവജി വെള്ളിക്കോത്ത്‌ രക്തസാക്ഷി പ്രമേയവും കാറ്റാടി കുമാരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം പൊക്ലൻ, പി കെ നിഷാന്ത്‌, കെ സബീഷ്‌, ഫൗസിയ ഷെരീഫ്‌, അലൻ ജോർജ്‌ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. സംഘാടകസമിതി കൺവീനർ ടി വി കരിയൻ സ്വാഗതം പറഞ്ഞു. 
ഏരിയാസെക്രട്ടറി കെ രാജ്‌മോഹനൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ, പ്രതിനിധികൾ ഗ്രൂപ്പ്‌ ചർച്ച നടത്തി. പൊതുചർച്ചയിൽ 32 പേർ പങ്കെടുത്തു. സമ്മേളനത്തിൽ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ പി സതീഷ് ചന്ദ്രൻ, സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ പി ജനാർദ്ദനൻ, വി കെ രാജൻ, സാബു അബ്രഹാം, വി വി രമേശൻ, കെ ആർ ജയാനന്ദ, എം സുമതി, സി പ്രഭാകരൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ പി അപ്പുക്കുട്ടൻ, കെ മണികണ്‌ഠൻ എന്നിവരും പങ്കെടുക്കുന്നു. 
ഏരിയയിലെ 14 ലോക്കൽ സമ്മേളനങ്ങളിൽനിന്നും തെരഞ്ഞെടുത്ത 143 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. സംഘടനാ റിപ്പോർട്ടിലും- പ്രവർത്തന റിപ്പോർട്ടിലും ഉയർന്ന ചർച്ചകൾക്ക്‌ തിങ്കൾ രാവിലെ മറുപടി നൽകും. തുടർന്ന്‌ പുതിയ ഏരിയാകമ്മിറ്റിയേയും സെക്രട്ടറിയേയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. വൈകിട്ട്‌ നാലിന്‌ പുല്ലൂർ തട്ടുമ്മലിൽ എം കുഞ്ഞമ്പു, എം കർത്തമ്പു നഗറിൽ പൊതുസമ്മേളനവും നടക്കും. ചുവപ്പു വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും ഉണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top