23 December Monday

ഈ സ്‌നേഹക്കട കണ്ണീരൊപ്പാൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

റീബിൽഡ് വയനാടിനുവേണ്ടിയുള്ള ധനശേഖരണത്തിനായി ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മറ്റി കാഞ്ഞങ്ങാട്ട്‌ ആരംഭിച്ച സ്‌നേഹക്കടയിൽ 
ചലച്ചിത്രതാരങ്ങളായ പി പി കുഞ്ഞികൃഷ്ണനും ഉണ്ണിരാജ് ചെറുവത്തൂരും ചായ നൽകുന്നു

കാഞ്ഞങ്ങാട്‌  

സമയം രാവിലെ 10. കാഞ്ഞങ്ങാട്‌ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ ഒരു പുതിയ തട്ടുകട. ചായയും അലമാരനിറയെ എണ്ണ പലഹാരവും. കടയിൽ സിനിമാ താരങ്ങളായ പി പി കുഞ്ഞികൃഷ്‌ണനും ഉണ്ണിരാജും. പുതിയ സിനിമയുടെ ഷൂട്ടിങ്ങായിരിക്കുമെന്ന്‌ കരുതി  ആളുകൾ ചുറ്റുംകൂടി. തട്ടുകടയിൽ എത്തിയവർക്ക്‌ ലുങ്കിയും ഷർട്ടും ധരിച്ച്‌ ചുമലിൽ തോർത്തുമിട്ട്‌ ചായക്കടക്കാരനായി പി പി  കുഞ്ഞികൃഷ്‌ണൻ ചായ നൽകുന്നു. തലയിലൊരു വട്ടക്കെട്ടുമായി  ഉണ്ണിരാജൻ പലഹാരവുമായി എത്തുന്നു . ചായയും പലഹാരവും കഴിച്ചവർ ഇഷ്ടമുള്ള തുക കടയിലെ പെട്ടിയിൽ നിക്ഷേപിക്കുന്നു. 
വയനാടിന്റെ അതിജീവനത്തിനായി ഫണ്ട്‌ ശേഖരിക്കാൻ ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക്‌ കമ്മിറ്റി ഒരുക്കിയ സ്നേഹ ചായക്കടയുടെ ഉദ്‌ഘാടന ചടങ്ങായിരുന്നു രംഗം.  ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി കുശാൽനഗറിലെ  ജാൻവി തന്റെ നാണയത്തുട്ടുകളടങ്ങളിയ ഭണ്ഡാരം സംഘാടകർക്ക് കൈമാറി.  
ചടങ്ങിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ വിപിൻ ബല്ലത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്,  അനീഷ് കുറുമ്പാലം, ഹരിത നാലാപ്പാടം, യതീഷ് വാരിക്കാട്ട്, ഡോ. എ ആർ ആര്യ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി വി ഗിനീഷ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top