ഉദുമ
കാർഷിക വിളകൾക്ക് ഭീഷണിയായി ആഫ്രിക്കൻ ഒച്ചുകൾ. ഉദുമ പഞ്ചായത്തിലെ വിവിധ പ്രദേശത്താണ് ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമാകുന്നത്. മഴ തുടങ്ങിയയോടെ പറമ്പുകളിൽ വ്യാപകമായ ഒച്ചുകൾ കൂട്ടത്തോടെ വീട്ടുപരിസരങ്ങളിലുമെത്തി. വാഴയിലയും കൂമ്പും പപ്പായ തുടങ്ങിയ ഫലവർഗ വിളകളും വീട്ടിൽ നട്ട് വളർത്തുന്ന അലങ്കാര ചെടികളുടെ ഇലകളും ഇവ നശിപ്പിക്കാൻ തുടങ്ങി. പൂർണ വളർച്ച പ്രാപിച്ച ഒച്ചിന് ഒരു കൈയിൽ കൊള്ളുന്ന വലുപ്പമുണ്ടാകും. ഈർപ്പുള്ള ഇടങ്ങളിൽ രാവിലെയും സന്ധ്യാനേരത്തുമാണ് ഇവ സജീവമാകുന്നത്. കോട്ടിക്കുളം ജിയുപി സ്കൂൾ പരിസരത്തും റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിലും പാലക്കുന്നിലുമാണ് ആഫ്രിക്കൻ ഒച്ചുകൾ കൂടുതൽ.
ഇവയെ നശിപ്പിക്കാൻ കറിയുപ്പ് വിതറുന്നതാണ് പൊതുരീതി. കാബേജ് ഇല ഇവയ്‌ക്ക് ഏറെ ഇഷ്ടമാണെന്നതിനാൽ അത് വലിയ ഒരു പാത്രത്തിലിട്ട് കറിയുപ്പ് വിതറി പരിസരങ്ങളിൽ വച്ചാൽ അതിൽ കയറിയാൽ അവ നശിക്കുമത്രെ.
70 ഗ്രാം കോപ്പർ സൾഫേറ്റും (തുരിശ് ) 30 ഗ്രാം പുകയില ചപ്പും പൊടിച്ച് വെള്ളത്തിൽ കലക്കി രാത്രി മുഴുവൻ കുതിർത്ത മിശ്രിതം രാവിലെ സ്പ്രേ ചെയ്താൽ ഉടൻ ഇവ ചത്തുപോകുമെന്ന് ഉദുമ കൃഷി ഭവൻ ഓഫീസർ കെ നാണുകുട്ടൻ പറഞ്ഞു. ഹോമിയോ ഗുളികയുടെ രൂപത്തിൽ അനേകം മുട്ടകളിടുന്ന ജീവിയാണിത്. ഇതിന്റെ സ്രവം ദേഹത്ത് തട്ടാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..