19 December Thursday

ബദിയഡുക്കയിൽ രണ്ട്‌ 
ക്ഷേത്രത്തിൽ മോഷണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

ബദിയഡുക്ക

ബദിയടുക്കയിൽ നെല്ലിക്കട്ട ഗുരുമന്ദിരത്തിലും അയ്യപ്പ ഭജന മന്ദിരത്തിലും കവർച്ച. തിങ്കളാഴ്‌ച പുലർച്ചെയുണ്ടായ കവർച്ചയിൽ നെല്ലിക്കട്ട ശ്രീനാരായണ ഗുരു മന്ദിരത്തിൽ നിന്നും 20,000 രൂപ കവർന്നു. മാന്യ ജെഎഎസ്ബി സ്‌കൂളിന് സമീപത്തെ അയ്യപ്പ ഭജന മന്ദിരത്തിലെ ആറുലക്ഷം രൂപ വിലവരുന്ന അയ്യപ്പ വിഗ്രഹമാണ്‌ കവർന്നത്‌. 
ഭജനമന്ദിരത്തിന്റെ  ശ്രീകോവിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറന്നാണ്‌ പണം കവർന്നത്‌. ഓഫീസിന്റെ പൂട്ടുപൊളിച്ച്‌ 10,000 രൂപയുടെ നാണയവും കവർന്നു. അയ്യപ്പ ഭജന മന്ദിരത്തിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് ശ്രീകോവിലിനകത്തുണ്ടായിരുന്ന വെള്ളിയിൽ തീർത്ത പിത്തളയിൽ ഫ്രെയിം ചെയ്ത വിഗ്രഹവും സ്വർണത്താലിയോടുകൂടിയ വെള്ളി രുദ്രാക്ഷ മാലയും കാണിക്ക വഞ്ചിയിലെ പണവുമാണ് കവർന്നത്. 
കവർച്ചാസംഘത്തിൽ ഒന്നിൽ കൂടുതൽ പേർ ഉണ്ടാകാനിടയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം എടനീർ ക്ഷേത്രത്തിൽ കവർച്ച നടത്തിയ അതേസംഘമാണ്‌ ഈ കവർച്ചയ്‌ക്ക്‌ പിന്നിലും എന്നാണ്‌ നിഗമനം. 
തൊട്ടടുത്ത സ്ഥലങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. കവർച്ച നടന്ന ക്ഷേത്രങ്ങളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തും. നെല്ലിക്കട്ട ശ്രീനാരായണ ഗുരു മന്ദിരം പ്രസിഡന്റ്‌ സി എച്ച്‌ സുധാകരയുടെ പരാതിയിലാണ്  കേസെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top