23 December Monday

പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

കൊല്ലംപാറ ടൗണിൽ പൊതുദർശനത്തിനുവച്ച ബിജുവിന്റെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ അന്തിമോപചാരമർപ്പിക്കുന്നു

കാസർകോട്‌
നീലേശ്വരം വെടിക്കെട്ട്‌ അപകടത്തിൽ നാലുപേർ മരിച്ച സാഹചര്യത്തിൽ ഭാരതീയ ന്യായസംഹിത പ്രകാരം കൊലപാതകക്കുറ്റം ചുമത്തിയതായി അന്വേഷണത്തലവൻ ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത്‌ അറിയിച്ചു. ഭാരതീയ ന്യാസംഹിത പ്രകാരം 103 (1) വകുപ്പാണ്‌ ചുമത്തിയത്‌. 
കേസിലെ പ്രതികൾക്ക്‌ ഹൊസ്‌ദുർഗ്‌ കോടതി നൽകിയ ജാമ്യത്തിനെതിരെ അന്വേഷക സംഘം നൽകിയ ഹർജി ജില്ലാ സെഷൻസ്‌ കോടതി ബുധനാഴ്‌ച പരിഗണിക്കും. നിലവിൽ പുറത്തിറങ്ങിയ ക്ഷേത്രകമ്മിറ്റി പ്രസഡന്റ്‌ പി കെ ചന്ദ്രശേഖരൻ, സെക്രട്ടറി കെ ടി ഭരതൻ എന്നിവർക്ക്‌ കോടതി നോട്ടീസയച്ചു. അവരും ജില്ലാ ജയിലിൽ റിമാൻഡിലുള്ള പടക്കം പൊട്ടിച്ച ഏഴാം പ്രതി പി രാജേഷും ബുധനാഴ്‌ച കാസർകോട്‌ കോടതിയിൽ ഹാജരാകണം. റിമാൻഡിലുള്ള പടക്കം പൊട്ടിച്ച കെ വി വിജയന്റെ ജാമ്യഹർജി ഹൊസ്‌ദുർഗ്‌ കോടതി തിങ്കളാഴ്‌ച  പരിഗണിച്ചില്ല.
കേസിൽ ആകെ ഒമ്പതുപ്രതികളാണുള്ളത്‌. കൊലപാതകക്കുറ്റം ചുമത്തിയ സാഹചര്യത്തിൽ ഒളിവിലുള്ള അഞ്ചുപേർക്കായി തിരച്ചിൽ ഊർജിതമാക്കും. മരിച്ച നാലുപേരുടെ ഇൻക്വസ്‌റ്റ്‌ നടപടികൾക്കായി അന്വേഷക സംഘം രണ്ടുദിവസമായി കണ്ണൂർ, കോഴിക്കോട്‌ ജില്ലകളിലാണ്‌. അതിനിടെ, വെടിക്കെട്ട്‌ അപകടം അന്വേഷിക്കാൻ കലക്ടർ ചുമതലപ്പെടുത്തിയ എഡിഎമ്മിന്റെ റിപ്പോർട്ട്‌ രണ്ടുദിവസത്തിനകം കലക്ടർക്ക്‌ സമർപ്പിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top