നീലേശ്വരം
നാടിന്റെ എല്ലാമായിരുന്ന മൂന്ന് യുവാക്കളുടെ അകാല വിയോഗത്തിൽ ചങ്കുപൊട്ടി നിൽക്കുകയാണ് ചോയ്യങ്കോടും പരിസരപ്രദേശങ്ങളും. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ പൊലിഞ്ഞ സി സന്ദീപിനും കെ രതീഷിനും ചോയ്യങ്കോട് റോഡരിൽ തയ്യാറാക്കിയ പന്തലിലാണ് കഴിഞ്ഞ രണ്ട് ദിവസമായി നാട് യാത്രാമൊഴി നൽകിയത്. തൊട്ടടുത്ത കൊല്ലമ്പാറ ടൗണിലാണ് ബിജുവിന് നാട് യാത്രാമൊഴിയേകിയത്.
പ്രിയപ്പെട്ടവരെ അവസാനമായി കാണുമ്പോൾകൂടി നിന്നവരിൽ പലരും വിതുമ്പി. മൃതദേഹത്തിനരികിൽ ആൾക്കാർ പൊട്ടിക്കരയുന്ന ദൃശ്യം ഏവരുടെയും കരളലിപ്പിച്ചു. കരൾ പിളരും വേദനയോടെയാണ് നാട് ഒന്നാകെ മൂന്ന് പേർക്കും അന്ത്യവിട നൽകിയത്. തങ്ങളുടെ പ്രിയപ്പെട്ടവർ നഷ്ടമായ വേദനയിൽനിന്ന് കിനാനൂർ, ചോയ്യങ്കോട്, മഞ്ഞളംകാട് പ്രദേശങ്ങൾ ഇനിയും മുക്തമായിട്ടില്ല. ഉറ്റവരുടെ വിലാപങ്ങളാണ് അകാലത്തിൽ പൊലിഞ്ഞവരുടെ മൂന്ന് വീടുകളിൽനിന്നും ഉയരുന്നത്.
ക്ഷേത്രത്തിൽ വെടിപൊട്ടിച്ചവരുടെ നിരുത്തരവാദിത്തവും അശ്രദ്ധയും കൊണ്ട് നഷ്ടമായത് മൂന്ന് കുടുംബങ്ങളുടെ ഏക ആശ്രയമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..