25 December Wednesday

കരയിച്ച്‌ മടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

കിനാനൂരിലെ വീട്ടിലെത്തിച്ച രതീഷിന്റെ മൃതദേഹം 
കാണാനെത്തിയവർ സങ്കടം താങ്ങാനാവാതെ വിതുമ്പുന്നു ഫോട്ടോ: സുരേന്ദ്രൻ മടിക്കെെ

നീലേശ്വരം/ ചെറുവത്തൂർ
തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട്‌  അപകടത്തിൽ പൊള്ളലേറ്റ്‌ ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ച  കിനാനൂരിലെ രതീഷിനും ചോയ്യങ്കോട്‌ മഞ്ഞളംകാട്ടെ ബിജുവിനും ചെറുവത്തൂർ തുരുത്തി ഓർക്കുളത്തെ ഷബിൻരാജിനും നാട് വിട നൽകി. അവർ നടന്ന നാട്ടുപാതകളിൽ അവരിനിയില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ നാട്‌ ഒന്നാകെ വിതുമ്പി.
തിങ്കൾ രാവിലെ 
8.45: ചോയ്യങ്കോട്‌
കിനാനൂരിലെ രതീഷിന്റെ മൃതദേഹം ചോയ്യങ്കോട്‌ ടൗണിൽ എത്തിച്ചു. ചോയ്യങ്കോട്‌ റോഡരികിലെ ഗ്രൗണ്ടിലും തുടർന്ന്‌ 9.15 ഓടെ കിനാനൂരിലെ വീട്ടിലും പൊതുദർശനത്തിന് വച്ചു. നാട്ടുകാരും വീട്ടുകാരും അന്ത്യയാത്ര ചൊല്ലിയ ശേഷം ചൂരിപ്പാറ വാതക പൊതുശ്മശാനത്തിൽ സംസ്കരിച്ചു.   
തിങ്കൾ വൈകിട്ട് 
7: കൊല്ലമ്പാറ
ചോയ്യങ്കോട്‌ മഞ്ഞളംകാട്ടെ ബിജുവിന്റെ മൃതദേഹം കൊല്ലമ്പാറ ടൗണിലും എട്ടോടെ മഞ്ഞളകാട്ടെ വീട്ടിലും  പൊതുദർശനത്തിനുശേഷം ചൂരിപ്പാറ വാതക പൊതുശ്മശാനത്തിൽ സംസ്കരിച്ചു. രാവിലെയും വൈകിട്ടും മൃതദേഹങ്ങൾ എത്തുന്നതിന് മണിക്കൂറുകൾ മുമ്പ് തന്നെ നൂറുകണക്കിനാളുകളാണ് സ്ഥലത്ത്‌ എത്തിച്ചേർന്നത്. പ്രിയപ്പെട്ടവരെ കാണാൻ നാട്ടുകാരും ഓട്ടോ തൊഴിലാളികളും നേതാക്കളും ഒഴുകിയെത്തി.  
പൊതുദർശനത്തിനുവച്ച മൃതദേഹങ്ങളിൽ കലക്ടർ കെ ഇമ്പശേഖറിനുവേണ്ടി തഹസിൽദാർ പി വി മുരളി പുഷ്‌പചക്രമർപ്പിച്ചു. സിപിഐ എം മുൻ കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ, ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്‌ചന്ദ്രൻ, ജില്ല സെക്രട്ടറിയറ്റംഗങ്ങളായ വി കെ രാജൻ, സി പ്രഭാകരൻ, ഏരിയാ സെക്രട്ടറി എം രാജൻ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം, ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി, ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി രജീഷ് വെള്ളാട്ട്,  നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ്‌ ടി കെ രവി, വൈസ് പ്രസിഡന്റ്‌ ടി പി ശാന്ത, സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു തുടങ്ങിയവർ പൊതുദർശന സ്ഥലത്തും വീട്ടിലുമെത്തി അന്തിമോപചാരമർപ്പിച്ചു.  
തിങ്കൾ വൈകിട്ട്‌ 
5: ഓർക്കുളം
ഓർക്കുളത്തെ ഷിബിൻരാജിന്റെ മൃതദേഹം വൈകിട്ട്‌ അഞ്ചോടെ നാട്ടിലെത്തിച്ചു.  
നാടിന്റെ കലാ കായിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഷിബിന്റെ ചേതനയറ്റ ശരീരം കോഴിക്കോട്‌ മിംസ്‌ ആശുപത്രയിൽനിന്നും ഓർക്കുളം എ കെ ജി ക്ലബ്ബിൽ പൊതുദർശനത്തിനുവച്ച മൃതദേഹം അവസാനമായി ഒരു നോക്ക്‌ കാണാൻ നിരവധിയാളുകൾ ഒഴുകിയെത്തി.  ദിവസങ്ങൾക്ക്‌ മുമ്പ്‌ തങ്ങളോടൊപ്പം ഉണ്ടായിരുന്ന പ്രിയ കൂട്ടുകാരന്റെ ജീവനറ്റ ശരീരം കാണാനുള്ള മനസുറപ്പില്ലായിരുന്നു കൂട്ടുകാർക്ക്‌.  പൊതു ദർശന ശേഷം വീട്ടിലെത്തിച്ചപ്പോൾ ഉറ്റവരുടെ കൂട്ട നിലവിളിയും കരച്ചിലുകളും ഉയർന്നു.  വൈകീട്ട്‌ ഏഴാേടെ മൃതദേഹം കാടങ്കോട്‌ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. സിപിഐ എം മുൻ കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ, സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്‌ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ പി ജനാർദനൻ, സി പ്രഭാകരൻ, ഏരിയാ സെക്രട്ടറി കെ സുധാകരൻ, നീലേശ്വരം നഗരസഭാ ചെയർപേഴ്‌സൺ ടി വി ശാന്ത, വൈസ്‌ ചെയർമാൻ പി പി മുഹമ്മദ്‌ റാഫി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി പ്രമീള, വൈസ്‌ പ്രസിഡന്റ്‌ പി വി രാഘവൻ, രജീഷ്‌ വെള്ളാട്ട്‌  തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top