ബന്തടുക്ക
സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ സഹചാരി പുരസ്‌കാരം ബന്തടുക്ക ഗവ. ഹൈസ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പാഠ്യ പാഠ്യേതര വിഭാഗങ്ങളിൽ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എൻഎസ്എസ്, എൻസിസി, എസ്പിസി യൂണിറ്റുകളെ ആദരിക്കുന്നതിനാണ് പുരസ്‌കാരം നൽകുന്നത്.
തൃശൂരിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദുവിൽനിന്നും ബന്തടുക്ക സ്കൂൾ എസ്പിസി യൂണിറ്റിനുവേണ്ടി കമ്യൂണിറ്റി പൊലീസ് ഓഫീസറായ യു ശശികല, സുകുമാരൻ ചൂരിത്തോട്, കേഡറ്റുകളായ പി ജെ അക്ഷയ്, പ്രണവ് മാണിമൂല, എ അശ്വന്ത് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.
ബന്തടുക്ക സ്കൂൾ എസ്പിസി യൂണിറ്റ് നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളെ സഹായിക്കുകയും കിടപ്പിലായവർക്ക് വീടുകളിലെത്തി സഹായം നൽകുകയും ചെയ്യുന്നു. ഓണക്കിറ്റ് വിതരണം ചെയ്തു. രണ്ടു വർഷമായി കുറ്റിക്കോൽ ഗവ. ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായുള്ള സ്പെഷ്യൽ സെന്ററിലെ കുട്ടികളോടൊപ്പം ഓണമാഘോഷിക്കുകയും കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു. കുട്ടികൾക്കായി ഫിസിയോതെറാപ്പി ഉപകരണങ്ങൾ വിതരണം ചെയ്തു. ഞാറ് നട്ടും കൊയ്ത്തുത്സവത്തിൽ പങ്കെടുത്തും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി വയലിൽ എസ്പിസി കേഡറ്റുകളും കർഷകരോടൊപ്പം ചെലവഴിച്ചു. പുരസ്‌കാരം നേടിയ എസ്പിസി യൂണിറ്റിനെ ജില്ലാ അഡീഷണൽ എസ്‌പിയും എസ്‌പിസി ജില്ലാ നോഡൽ ഓഫീസറുമായ പി ബാലകൃഷ്ണൻ നായർ അഭിനന്ദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..