വെള്ളരിക്കുണ്ട്
കിനാനൂർ കരിന്തളം, ബളാൽ പഞ്ചായത്തുകളിലെ മാളൂർകയം, മുണ്ടത്തടം, പള്ളത്തുമല, വീട്ടിയോടി പ്രദേശങ്ങളിൽ കഴിഞ്ഞ 10 ദിവസമായി പുലി ഭയത്താൽ കഴിയുന്ന കുടുംബങ്ങൾക്ക് ആശ്വാസവുമായി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ കെ രാഹുലിന്റെ നേതൃത്വത്തിലുള്ള വനപാലകരെത്തി. മാളൂർകയം അങ്കണവാടിക്ക് സമീപം ഓട്ടോ ഡ്രൈവറായ മാളൂർകയം സുമേഷാണ് ആദ്യം പുലിയെ കണ്ടത്. വീട്ടിയോടിയിൽ നീലേശ്വരം സ്വദേശിയായ സ്വകാര്യവ്യക്തിയുടെ കാടുമൂടി കിടക്കുന്ന സ്ഥലത്തിന് സമീപത്തുള്ള വേണുവിന്റെ കൂട്ടിൽനിന്നാണ് ആടിനെ പുലിയെന്ന് തോന്നിക്കുന്ന മൃഗം കടിച്ചുകൊന്നത്. തൊട്ടടുത്ത ദിവസം പള്ളത്തുമലയിലെ വാളാംപള്ളിയിൽ കാനത്തൂർ രഞ്ജിത്ത് കുമാറിന്റെ റിസോർട്ട് പരിസരത്ത് ഫാമിലെ തൊഴിലാളി കൃഷ്ണൻ പുലിയെ കണ്ടത്. പുലിയെ കണ്ടെന്ന് പറഞ്ഞ് ഇടങ്ങളിലെല്ലാം റെയ്ഞ്ച് ഓഫീസറും വനപാലകർ സന്ദർശനം നടത്തി റിപ്പോർട്ട് തയ്യാറാക്കി. ആടിനെ പുലി പിടിച്ചുവെന്ന് പറയുന്ന വീട്ടിയോടിയിൽ വ്യാഴാഴ്ച കാമറ ട്രാപ്പ് സ്ഥാപിക്കുമെന്നും കാമറ ദിവസവും രാവിലെ മരുതോം സെക്ഷൻ ഓഫീസിലെ ജീവനക്കാർ എത്തി പരിശോധിക്കുമെന്നും റെയിഞ്ച് ഓഫീസർ നാട്ടുകാർക്ക് ഉറപ്പ് നൽകി. പ്രദേശത്ത് ഏക്കർ കണക്കിന് ഭൂമി കൈവശം വച്ചിരിക്കുന്ന സ്വകാര്യ വ്യക്തികൾ നഗരപ്രദേശങ്ങളിൽ താമസിക്കുകയും ഇവിടത്തെ ഭൂമി കൃഷി ചെയ്യാതെ കാട് മൂടി കിടക്കുകയുംചെയ്യുന്നു. ഇത് വന്യമൃഗങ്ങളുടെ താവളമാവുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. ഇതിന് പരിഹാരം കാണാൻ കലക്ടർ ഉൾപ്പെടെയുള്ള അധികൃതരുടെ ഇടപെടൽ ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇക്കാര്യം ജില്ലാ ഫോറസ്റ്റ് ഓഫീസർ മുഖേന റിപ്പോർട്ട് നൽകി കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി എ ആർ രാജുവിന് റെയിഞ്ച് ഓഫീസർ ഉറപ്പ് നൽകി. സിപിഐ എം പരപ്പ ലോക്കൽ കമ്മിറ്റി സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..