14 November Thursday
ഇടനാടൻ ചെങ്കൽകുന്നുകൾ ഇല്ലാതായി

ജലസമൃദ്ധി ഓർമയിൽ; ചിത്താരിപ്പുഴ മെലിഞ്ഞുണങ്ങി

വെബ് ഡെസ്‌ക്‌Updated: Monday May 6, 2019
കാഞ്ഞങ്ങാട്
ഇടനാടൻ ചെങ്കൽ കുന്നുകൾ പലതും അപ്രത്യക്ഷമായതോടെ ജില്ലയിലെ പുഴകൾ പലതും നാശത്തിലേക്ക‌്.   അജാനൂർ, മടിക്കൈ, കാഞ്ഞങ്ങാട്  പ്രദേശങ്ങളുടെ ജീവനാഡിയായ ചിത്താരിപ്പുഴ മെലിഞ്ഞുണങ്ങാൻ കാരണം പ്രധാനമായും കുന്നിടിക്കൽതന്നെ. മഞ്ഞംപൊതി കുന്നിൽ നിന്ന‌്  വ്യാപകമായി മണൽ കടത്തുന്നതും ചെങ്കൽ ക്വാറികൾ  സജീവമായതും പുഴകൾ മെലിഞ്ഞുണങ്ങുന്നതിന് കാരണമാണെന്ന‌് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഇടനാടൻ ചെങ്കൽ കുന്നുകളാണ് അരയി, ചിത്താരിപ്പുഴകളുടെ ഉത്ഭവ കേന്ദ്രം. 
ഇരിയ പുണൂർ ഭാഗത്തുനിന്ന‌് ഉത്ഭവിക്കുന്ന ചിത്താരിപ്പുഴ അധികനാൾ ഇങ്ങനെ കാണാൻ കഴിഞ്ഞെന്നു വരില്ല. ഇരിയ വാഴുന്നോറുടെയും പട്ടമ്മാരുടെയും കുളങ്ങളിൽനിന്നാണ് ചിത്താരിപ്പുഴയുടെ നിലവിലെ ഉത്ഭവകേന്ദ്രം. പുഴയുടെ കൈവഴികളിലെ വയലുകൾ നികന്നതും ഇടവഴികൾ റോഡുകളായതും വ്യാപകമായ കൈയേറ്റവും  നീർത്തടങ്ങൾ നികന്നതും പുഴയുടെ നാശത്തിന്റെ പ്രധാന കാരണങ്ങളാണ്. കൊടും വേനലിൽ പോലും ജലസമൃദ്ധിയുണ്ടായിരുന്ന ചിത്താരി പുഴ  മെലിഞ്ഞു തീരാറായി. പൂഴിപ്പരപ്പുകളും മൺ തുരുത്തുകളുമായി ചിത്താരിപ്പുഴയുടെ അസ്ഥിപഞ‌്ജരമാണിപ്പോഴുള്ളത‌്. 
അജാനൂർ പഞ്ചായത്തിലെ ഫീൽഡ് മാപ്പനുസരിച്ച് ചിത്താരി പുഴയുടെ വീതി 70 മുതൽ 100 മീറ്റർ വരെയായിരുന്നു. ഇന്നത് 30 മുതൽ 40 മീറ്റർ വരെയായി ചുരുങ്ങി. വ്യാപക കൈയേറ്റമാണ് ഇതിന് കാരണം. ചിത്താരിപ്പുഴയുടെ അജാനൂർ അഴിമുഖം ഭാഗത്ത് രണ്ട് കിലോമീറ്ററോളമാണ് വറ്റിവരണ്ടത്. ചേറ്റുകുണ്ട് ഭാഗത്തുനിന്ന് വടക്കോട്ടൊഴുകി നാലു കിലോമീറ്ററിലധികം സഞ്ചരിച്ചാണ് പുഴ അജാനൂർ കടപ്പുറം അഴിമുഖത്തൂടെ കടലിൽ ചേർന്നിരുന്നത്. കഴിഞ്ഞ ഏതാനും ദിവസം കൊണ്ട്  അജാനൂർ ഭാഗത്ത് രണ്ട് കിലോമീറ്ററിലധികം പുഴ തീർത്തും വറ്റി. പുഴയിൽ ബാക്കി സ്ഥലങ്ങളിലും ദിവസം തോറും മണൽത്തുരുത്ത‌് രൂപപ്പെട്ടുകൊണ്ടിരിക്കുന്നു.  നേർത്ത തോടിന്റെ രൂപത്തിലാണ്  പുഴയൊഴുകുന്നത്. അടുത്ത കാലത്തൊന്നും പുഴ ഇങ്ങനെ മാറിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പുഴയെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയ സ്ഥിതിയാണ്. 
ജലസ്രോതസ്സുകൾ നിലനിർത്താനും ജലസേചന സൗകര്യങ്ങൾക്കു സംവിധാനം ഉണ്ടാക്കാനും ജില്ലാ ഭരണകേന്ദ്രം മുൻകൈയെടുത്തു പദ്ധതികൾ തയ്യാറാക്കുമെന്ന ഉറപ്പ‌് ചിത്താരിപ്പഴയുടെ കാര്യത്തിലും ബന്ധപ്പെട്ടവർ കാണിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top