തൃക്കരിപ്പൂർ
തുമ്പപ്പൂവിൻ തൂവെള്ളയും നീല മിഴികൾ തുറന്ന് നിൽക്കുന്ന കാക്കപ്പൂവും ഓണക്കാലത്ത് പൂക്കളങ്ങളിൽ ഒഴിച്ചുകൂടാനാവാത്തവയായിരുന്നു. എന്നാൽ കാക്കപ്പൂവും തുമ്പയും കൃഷ്‌ണകിരീടവുമെല്ലാം പതിയെ അപ്രത്യക്ഷമാവുകയാണ്. പോയ കാലത്ത് പ്ലാവില കൊണ്ട് കോട്ടമ്പാള കൂട്ടി തുമ്പപ്പൂവും കാക്കപ്പൂവും ശേഖരിക്കാൻ കുട്ടികളെത്തുന്നത് പതിവ് കാഴ്‌ച. പറമ്പുകളിലും മൺകൂനകളിലുമൊക്കെ നിറയെ പൂക്കളുമായി തുമ്പച്ചെടിയുണ്ടായിരുന്ന;. ഇന്ന് അത്തരം കാഴ്‌ച അപൂർവം. പൂക്കളങ്ങളിൽ തുമ്പപ്പൂ പോലെ തന്നെ പ്രധാനമാണ് കാക്കപ്പൂ. ആഗസ്‌തോടെയാണ് ഇവ കണ്ടുവരുന്നത്. നന്നായി ജലമുള്ള ഇടങ്ങളിലും ഉറവയുള്ള പാറയിലും വെള്ളം നിറഞ്ഞു നിൽക്കുന്ന വയലുകളിലുമാണിവ കണ്ടുവരുന്നത്. ഇവ അമ്പതോളം വ്യത്യസ്‌ത ഇനങ്ങളിലുണ്ട്. ഇവ പലതും ഇപ്പോൾ പേരിന് മാത്രം. വയലുകളിൽ നിന്നും ഇവ പാടേ മറഞ്ഞ മട്ടാണ്. ഉറവയുള്ള പാറകളിൽ മാത്രമാണിവ ഇപ്പോൾ അപൂർവമായി കാണുന്നത്. പാടങ്ങളിൽ കൃഷി കുറഞ്ഞതും കീടനാശിനി ഉപയോഗവും രാസവള ഉപയോഗം കൂടിയതും കുന്നിൻപുറങ്ങളിലെ വെള്ളക്കെട്ടുകൾ ഇല്ലാതായതും കുന്നിടിക്കലുമെല്ലാം ഈ ചെടികളുടെ നാശത്തിന് കാരണമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..