കരിന്തളം > കൗതുക കാഴ്‌ചയായി അപൂർവ ഇനത്തിൽപ്പെട്ട നിശാശലഭമായ നാഗശലഭങ്ങൾ. കുമ്പളപ്പള്ളി എസ് കെജിഎം എയുപി സ്കൂൾ പരിസരത്താണ് ലോകത്തിലെ വലിയ ശലഭങ്ങളിലൊന്നായ അറ്റ്‌ലസ് മോത്ത് ഇനത്തിൽപ്പെടുന്ന സാമാന്യം വലിപ്പമുള്ള രണ്ട് ശലഭം കഴിഞ്ഞ ദിവസം എത്തിയത്.
സാധാരണ നിബിഡ വനങ്ങളിൽ മാത്രമേ ഇവയെ കാണാറുള്ളു. ചുവപ്പ് കലർന്ന തവിട്ടു നിറമുള്ള ഇവയുടെ മുൻചിറകുകളിൽ പാമ്പിന്റെ കണ്ണുകളെ പോലെ കറുത്ത പൊട്ടുകളുണ്ട്. ശത്രുക്കളിൽനിന്ന് രക്ഷനേടാൻ ഇതുപകരിക്കുന്നു. മുൻ–-പിൻ ചിറകുകളിൽ വെളുത്ത നിറത്തിൽ ത്രികോണ അടയാളങ്ങളുണ്ട്.
ചിറകുകൾക്ക് പിന്നിൽ പാമ്പിന്റെ തലയുടെ രൂപമുള്ളതിനാൽ സ്നേക്സ് ഹെഡ് അറൊ നാഗശലഭം എന്നും ഇവയെ വിളിക്കുന്നു. ഇവയ്ക്ക് രണ്ടാഴ്ച മാത്രമേ ആയുസ്സുള്ളു. വിടർത്തിയ ചിറകുകൾക്ക് സാധാരണ 10 മുതൽ 12 ഇഞ്ച് വരെ വലുപ്പമുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..