25 November Monday

മിന്നലിൽ റോയിയുടെ സർവവും നശിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

പൈവളിഗെ ബായാർ മുട്ടജെയിലെ റോയി ജോസഫിന്റെ വീടിന്റെ ചുമർ മിന്നലിൽ വീണ്ടുകീറിയപ്പോൾ. മെയിൻ സ്വിച്ച്‌ 
തെറിച്ചുപോയ നിലയിൽ

പൈവളിഗെ

ഞായറാഴ്‌ച രാത്രിയുണ്ടായ മിന്നലിൽ വീടും വീട്ടുപകരണങ്ങളും നശിച്ചതിന്റെ ആഘാതത്തിലാണ്‌ പൈവളിഗെ പഞ്ചായത്തിലെ ബായാർ മുട്ടജെ സ്വദേശിയായ ഇടക്കരമൈലയ്ക്കൽ റോയി ജോസഫും (52) ഭാര്യ ഷൈജയും (50) മകൾ അൽകയും (19). ‘‘ബോംബ് പൊട്ടുന്ന പോലെ ഒരു ശബ്ദം കേട്ടു. ഞങ്ങളിരുന്ന മുറിയിലെ മെയിൻ സ്വിച്ച് പൊട്ടിത്തെറിച്ചു. വീടിനുള്ളിലെ കോൺക്രീറ്റ് അടർന്നു. ചുവരുകൾ വിണ്ടുകീറി. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ശരീരത്തിൽ മണൽത്തരികൾ തുളഞ്ഞുകയറി.  

ഉഗ്രശബ്ദത്തിൽ  ചെവിയടഞ്ഞുപോയി. മുറിയിലാകെ തീയും പുകയും പ്ലാസ്റ്റിക് കത്തിയതിന്റെ ദുർഗന്ധവും. ശ്വസിക്കാൻ പോലും ബുദ്ധിമുട്ടായി. മരിച്ചെന്നാണ് കരുതിയത്‌. ചെരിപ്പിട്ടതുകൊണ്ടാകാം രക്ഷപ്പെട്ടത്‌ ’’–- റോയി ജോസഫ്‌ പറയുന്നു. 

  സാധാരണ കർഷകനായ റോയിയുടെ ഇത്രയും കാലത്തെ ജീവിതസമ്പാദ്യം ഒരൊറ്റ നിമിഷത്തെ മിന്നലിൽ എരിഞ്ഞടങ്ങി. പറമ്പ് നനക്കാനുള്ള രണ്ടു വൈദ്യുത മോട്ടോർ, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റബർ ഷീറ്റ് അടിക്കുന്ന മെഷീൻ, വീടിനുള്ളിലെ ടിവി, ഫ്രിഡ്‌ജ്, ഗ്രൈൻഡർ, അഞ്ച്‌ ഫാൻ എല്ലാം നശിച്ചു. വീടിന്റെ വയറിങ്‌ പൂർണമായും കത്തിനശിച്ചു. വൈദ്യുതിത്തൂണിൽ നിന്നുള്ള സർവീസ് വയർ ചെറുകഷണങ്ങളായി വീട്ടുമുറ്റത്ത് ചിതറിക്കിടക്കുകയാണ്. 

പാലായിൽ നിന്ന് പനത്തടിയിലേക്ക് കുടിയേറിയവരാണ് റോയിയുടെ കുടുംബക്കാർ. 15 വർഷം മുമ്പാണ് റോയി പൈവളിഗെയിൽ വീടും സ്ഥലവും വാങ്ങി താമസം ആരംഭിക്കുന്ന ത്.  വീടിന്റെ ഉൾഭാഗം മാത്രമേ തേച്ചിട്ടുള്ളു.  മേൽക്കൂര ഓട് മേഞ്ഞതും ആസ്ബറ്റോസ് ഷീറ്റിട്ടതുമാണ്. മൊത്തം 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി റോയി പറഞ്ഞു.

മൂത്തമകൾ അഹന മരിയറ്റ് മംഗളൂരുവിൽ നഴ്‌സാണ്. ഇളയ മകൻ ആകാൾ കോഴിക്കോട് പ്ലസ് വണ്ണിന് പഠിക്കുന്നു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top