കാസർകോട്
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ ഒരാഴ്‌ച പിന്നിട്ട വെടിക്കെട്ട് അപകടത്തിൽ 81 പേർ ഒമ്പത് ആശുപത്രിയിലായി ചികിത്സയിൽ തുടരുന്നു. ഇനിയും 15 പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്. 154 പേർക്ക് പരിക്കേറ്റ അപകടത്തിൽ നാലുപേരാണ് മരിച്ചത്.
മംഗളൂരു എജെ ആശുപത്രിയിൽ ഒമ്പതുപേരും കണ്ണൂർ മിംസിൽ അഞ്ചും കോഴിക്കോട് മിംസിൽ ഒരാളുമാണ് ഐസിയുവിൽ ചികിത്സ തുടരുന്നത്.
ആശുപത്രിയിലുള്ളവരുടെ എണ്ണം
മംഗളൂരു എ ജെ ആശുപത്രി 29, കണ്ണൂർ ആസ്‌റ്റർ മിംസ് 26, കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രി 12, കണ്ണൂർ ബേബി മെമ്മോറിയൽ 6, കോഴിക്കോട് മിംസ് 3, കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജ് 2, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി 1, മംഗളൂരു കെ എസ് ഹെഗ്‌ഡേ 1, മംഗളൂരു ഫാദർ മുള്ളേഴ്‌സ് 1.
പ്രതികൾക്കെതിരായ
ഹർജി ഇന്ന് കോടതിയിൽ
കാസർകോട്
നീലേശ്വരം വെടിക്കെട്ട് അപകട കേസിലെ പ്രതികൾക്ക് ഹൊസ്‌ദുർഗ് കോടതി നൽകിയ ജാമ്യത്തിനെതിരെ അന്വേഷക സംഘം നൽകിയ ഹർജി ജില്ലാ സെഷൻസ് കോടതി ബുധനാഴ്‌ച പരിഗണിക്കും. നിലവിൽ പുറത്തിറങ്ങിയ ക്ഷേത്ര കമ്മിറ്റി പ്രസഡന്റ് പി കെ ചന്ദ്രശേഖരൻ, സെക്രട്ടറി കെ ടി ഭരതൻ എന്നിവർക്ക് കോടതി നോട്ടീസയച്ചു. അവരും ജില്ലാ ജയിലിൽ റിമാൻഡിലുള്ള പടക്കം പൊട്ടിച്ച ഏഴാം പ്രതി പി രാജേഷും ബുധനാഴ്‌ച കാസർകോട് കോടതിയിൽ ഹാജരാകണം.
കേസിൽ ആകെ ഒമ്പതുപ്രതികളാണുള്ളത്. നാലുപേർ മരിച്ച സാഹചര്യത്തിൽ ഭാരതീയ ന്യായസംഹിത പ്രകാരം കൊലപാതകക്കുറ്റം ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
എം വി ഗോവിന്ദൻ
ഇന്ന് സന്ദർശിക്കും
കാസർകോട്
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ മരിച്ച ചോയ്യങ്കോട് കിനാനൂർ റോഡിലെ സി സന്ദീപിന്റെയും കിനാനൂരിലെ രതീഷിന്റെയും മഞ്ഞളംകാട്ടെ ബിജുവിന്റെയും ചെറുവത്തൂർ തുരുത്തി ഓർക്കുളത്തെ ഷബിൻരാജിന്റെയും വീടുകൾ ബുധനാഴ്‌ച സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിക്കും.
രാവിലെ 10ന് ചോയ്യങ്കോട് എത്തും. സിപിഐ എം നേതാക്കളും ഒപ്പമുണ്ടാകും.
റിലീഫ് കമ്മിറ്റി
രൂപീകരിച്ചു
നീലേശ്വരം
തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളെയും പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരെയും സഹായിക്കാൻ ക്ഷേത്ര കമ്മിറ്റി റിലീഫ് കമ്മിറ്റി രൂപീകരിച്ചു.
കെ കെ കുമാരൻ ചെയർമാനും എം ചന്ദ്രശേഖരൻ കൺവീനറും ടി വി അശോകൻ ട്രഷററുമായതാണ് കമ്മിറ്റി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകാനും ചികിത്സയിൽ കഴിയുന്നവരുടെ ഭാവി സുരക്ഷിതമാക്കാനും തീരുമാനിച്ചു. ഇതിനായി ഫണ്ട് ശേഖരിക്കും.
മരിച്ചവരുടെ കുടുംബത്തിന്
ധനസഹായം നൽകണം: എംഎൽഎ
കാസർകോട്
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ എം രാജഗോപാലൻ എംഎൽഎ ആവശ്യപ്പെട്ടു. കിനാനൂർ– കരിന്തളം പഞ്ചായത്തിലെ സി സന്ദീപ്, രതീഷ്, ബിജു, ചെറുവത്തൂർ പഞ്ചായത്തിലെ ഷബിൻരാജ് എന്നിവരാണ് മരിച്ചത്. ഇവർ നിർധന കുടുംബത്തിലെ ഏക പ്രതീക്ഷയായിരുന്നു.
പരിക്കേറ്റവരുടെ ആശുപത്രി ചെലവ് സംസ്ഥാന സർക്കാർ വഹിച്ചത് വലിയ ആശ്വാസമായി. സമാനമായി, മരിച്ചവരുടെ കുടുംബത്തെയും സഹായിക്കണമെന്ന് എംഎൽഎ നിവേദനത്തിൽ പറഞ്ഞു.
കുടുംബങ്ങൾക്ക് സഹായം
നൽകണം: സിഐടിയു
കാസർകോട്
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ച സാധാരണക്കാരായ തൊഴിലാളികളുടെ കുടുംബത്തിന് അടിയന്തര സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് സിഐടിയു ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. അപകടത്തിൽ മരിച്ച നാലുപേരും സാധാരണക്കാരായ തൊഴിലാളികളും കുടുംബത്തിന്റെ ഏക അത്താണിയുമാണ്. വെടിപൊട്ടിച്ചവരുടെ നിരുത്തരവാദിത്വവും അശ്രദ്ധയും കൊണ്ടുണ്ടായ ഇവരുടെ അപ്രതീക്ഷിത മരണം കുടുംബങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കും. മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിൽ നിന്നും പരമാവധി തുക അനുവദിച്ച് ഈ കുടുംബങ്ങളെ സംരക്ഷിക്കണമെന്ന് ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..