24 November Sunday

സംസ്ഥാന സൈക്ലിങ്‌ ചാമ്പ്യൻഷിപ്പ്‌: 
തെറ്റായ പ്രചാരണം തിരിച്ചറിയണം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

 ഇരിയണ്ണി

ബോവിക്കാനം -ഇരിയണ്ണി റോഡിൽ കഴിഞ്ഞ ദിവസങ്ങളിൽ വിജയകരമായി അവസാനിച്ച സംസ്ഥാന സൈക്ലിങ്‌ ചാമ്പ്യൻഷിപ്പിന്റെ പേരിൽ നടക്കുന്ന തെറ്റായ പ്രചാരണം തിരിച്ചറിയണമെന്നും വിശ്വാസത്തെ ബന്ധിപ്പിച്ച് വിഷലിപ്തമായ രീതിയിൽ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും  ചാമ്പ്യൻഷിപ്പ് സംഘാടകസമിതി  അഭ്യർഥിച്ചു. സർക്കാർ ഔദ്യോഗിക മത്സരമായതിനാൽ  കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരെ കാണുകയും മത്സരത്തെക്കുറിച്ചും റോഡ് നിയന്ത്രണത്തെക്കുറിച്ചും ചർച്ച ചെയ്തിരുന്നു.   മാധ്യമങ്ങളിൽ തുടർച്ചയായി അറിയിപ്പ്  നൽകി. സ്വകാര്യ വാഹനങ്ങൾ ബോവിക്കാനം- കോട്ടൂർ-പയർപള്ളം റോഡിലൂടെ പോകാനും അഭ്യർഥിച്ചു. ആദ്യദിനം പൊലീസാണ് കാര്യങ്ങൾ നിയന്ത്രിച്ചത്.  രണ്ടാം ദിനം വേണ്ടത്ര പൊലീസ്സില്ലാത്തതിനാലാണ് വളണ്ടിയർമാർ സഹായിച്ചത്. ആകെ 9 മത്സരങ്ങളിൽ ശനിയാഴ്ച 6 എണ്ണം സുഖമമായി നടന്നു.  ഞായറാഴ്ച ഉച്ചയ്ക്ക് ഒമ്പതാം മത്സരം അവസാനഘട്ടത്തിൽ നിൽക്കുമ്പോഴാണ് കാനത്തൂർ ഭാഗത്ത് നിന്ന് എടനീർ മഠാധിപതിയുടെ വാഹനം പയർപള്ളത്ത് എത്തുന്നത്. റോഡ് നിയന്ത്രണ കാര്യങ്ങൾ വളണ്ടിയർമാർ ഡ്രൈവറെ അറിയിച്ചു. എന്നാൽ ഇരിയണ്ണി വഴി തന്നെ പോകണമെന്ന് അറിയിച്ചതോടെ വാഹനം കടത്തി വിട്ടു. ബാവിക്കരയടുക്കം ലാപ് പോയിന്റിൽ 70 കി.മീ വേഗത്തിൽ വന്ന മത്സരാർഥി എത്തുന്ന നേരത്ത്  മഠാധിപതിയുടെ വാഹനവും ഇവിടെയെത്തുന്നു. ബാവിക്കരയടുക്കം പോയിന്റിൽനിന്നാണ് സൈക്കിൾ താരങ്ങൾക്ക്‌ തിരിച്ച് ഇരിയണ്ണി ഭാഗത്തേക്ക് വരേണ്ടത്. മഠാധിപതിയുടെ വാഹനം റോഡിലുണ്ടായിരുന്നതിനാൽ മത്സരത്തിന്റെ പൈലറ്റ് വാഹനം വഴിയൊരുക്കാൻ പ്രയാസപ്പെട്ടു.  പൈലറ്റ് വാഹനമായ സ്‌കൂട്ടർ റോഡിന് പുറത്തേക്ക് ഓടിച്ച് അപകടത്തിൽപെട്ടു. ഇവർക്ക് പരിക്കില്ല. മത്സരാർഥി സുഖമമായി കടന്നുപോയി.  മഠാധിപതിയുടെ വാഹനവും കടന്നുപോയി പിന്നീടാണ് ഈ സമയം മഠാധിപതിയുടെ വാഹനത്തിനും കേടുപാടുണ്ടായെന്ന്‌ പൊലീസ്‌ സംഘാടകരെ അറിയിക്കുന്നത്.  ഉടൻ സംഘാടകസമിതി ഭാരവാഹികളും പൊലീസ് ഉദ്യോഗസ്ഥരും  മഠത്തിലെത്തി സ്വാമിജിയെ കണ്ട്‌  സംഭവങ്ങളിൽ ക്ഷമാപണം നടത്തി പ്രശ്നം പരിഹരിക്കുകയും ചെയ്‌തു.  എന്നാൽ തുടർന്ന്  ചിലർ വിഷലിപ്തമായ പ്രചാരണം നടത്തി. കാർ തകർത്തെന്നും സ്വാമിജിയെ ആക്രമിച്ചെന്നും വ്യാജസന്ദേശം നൽകി. വസ്തുത മനസ്സിലാക്കാതെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിനിറങ്ങി. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രചാരണങ്ങളിൽനിന്ന് ഉത്തരവാദിത്തപ്പെട്ടവർ പിന്മാറണമെന്ന്‌ സംഘാടകസമിതി അഭ്യർഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top