കാസർകോട്
പള്ളം അടിപ്പാതക്ക് സമീപം റെയിൽ പാളത്തിൽ ലോഹക്കഷണങ്ങളും മറ്റും കണ്ടത് പരിഭ്രാന്തി പരത്തി. ഇതേ തുടർന്ന് റെയിൽവേ പൊലീസ് സംഘം പാളത്തിൽ പരിശോധന നടത്തി. പാരച്യൂട്ട് എണ്ണയുടെ പ്ലാസ്റ്റിക് കുപ്പിയും ലോഹ കഷണങ്ങളും ഗ്ലാസ് കുപ്പിയും നാണയങ്ങളും സെലോ ടാപ് കൊണ്ട് ഒട്ടിച്ച് വച്ച നിലയിലാണ് കണ്ടത്.
രണ്ട് പാളങ്ങളിലും സമാനമായ സാധനങ്ങൾ വച്ചിരുന്നു. ഇതിനുശേഷം കിഴക്ക് ഭാഗത്തെ പാളത്തിലൂടെ ട്രെയിൻ കയറി പോയി. അപകടമുണ്ടാക്കണമെന്ന ഉദ്യേശത്തിലാണ് സാധനങ്ങൾ സ്ഥാപിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു.
പാളം പരിശോധിച്ചുവന്ന ട്രാക് മാനാണ് പടിഞ്ഞാറ് ഭാഗത്തെ പാളത്തിൽ വച്ച സാധനങ്ങൾ കണ്ടെത്തിയത്. ഇദ്ദേഹം കാസർകോട് സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചു. കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകി. പ്രാഥമികാന്വേഷണം നടത്തിയ പൊലീസ് സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
വെളിച്ചെണ്ണ പാളത്തിൽ ഒഴിച്ച ശേഷമാണ് കുപ്പി ഒട്ടിച്ചുവച്ചത്. പൊലീസ് നായയെയും സ്ഥലത്ത് കൊണ്ടുവന്ന് പരിശോധിച്ചു. വിരലടയാള വിദഗ്‌ധമെത്തി. പാലക്കാട് നിന്ന് റെയിൽവേ ഡിവൈഎസ്‌പി സന്തോഷ് കുമാർ, കോഴിക്കോട് റെയിൽവേ സിഐ സുധീർ മനോഹർ, കാസർകോട് റെയിൽവേ എസ്ഐ എംവി പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..