തൃക്കരിപ്പൂർ
ആയിറ്റി നഗറിലെ താമസക്കാർക്ക് പട്ടയം ലഭിക്കുന്നതിന് നടപടിയാവുന്നു. കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നതിന് തൃക്കരിപ്പൂർ നോർത്ത് വില്ലേജ് ഓഫീസിൽ സംഘടിപ്പിച്ച അദാലത്തിൽ സിപിഐ എമ്മിന്റെയും കെഎസ്കെടിയുവിന്റെയും നേതൃത്വത്തിൽ കലക്ടർക്ക് നിവേദനം നൽകിയിരുന്നു. പട്ടയത്തിനായി നിരവധി പ്രക്ഷോഭവും സംഘടിപ്പിച്ചിരുന്നു. നവകേരള സദസ്സിൽ ആയിറ്റി ഈസ്റ്റ് ബ്രാഞ്ച് നൽകിയ നിവേദനത്തിന്റെ ഭാഗമായി പട്ടയം ലഭ്യമാകുന്നതിനുള്ള നടപടി വേഗത്തിലായി. ഭൂമിയുടെ രേഖ കാണാനില്ലെന്ന് പറഞ്ഞായിരുന്നു പഞ്ചായത്ത് കാലതാമസം വരുത്തിയത്.
രേഖ പഞ്ചായത്ത് നഷ്ടപ്പെടുത്തിയതിനാൽ ലാൻഡ് ട്രിബ്യൂണൽ മുഖേന പട്ടയം അനുവദിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് കലക്ടർ നടപടി സ്വീകരിച്ചത്. നടപടി വേഗത്തിൽ പൂർത്തിയാക്കാൻ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. വില്ലേജ് ഓഫീസർ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഭൂമി അളന്നുതിട്ടപ്പെടുത്തി.
സ്വന്തം ഭൂമിക്കുവേണ്ടിയുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായതിന്റെ സന്തോഷത്തിലാണ് ആയിറ്റി നഗർ നിവാസികൾ.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നഗറിലെ അടിസ്ഥാന വികസനത്തിന് 50 ലക്ഷം രൂപ ചിലവഴിച്ച് നിർമാണ പ്രവൃത്തിയും പുരോഗമിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..