കാസർകോട്
വയനാടിലെ മുണ്ടക്കൈയേയും ചൂരൽമലയേയും പുനർ നിർമിക്കാൻ ജില്ലയും ഒറ്റമനസ്സോടെ രംഗത്ത്. കലക്ടറേറ്റിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ നിരവധി പേരെത്തി.
ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നടക്കുന്ന റീബിൽഡ് വയനാട് പദ്ധതിക്കും സഹായം പ്രവഹിക്കുകയാണ്. ഡിവൈഎഫ്‌ഐ നൽകുന്ന വീടുകളുടെ നിർമ്മാണ ചെലവിലേക്ക് ചുള്ളിക്കര ഗുഡ് ഷേപ്പേർഡ് പിഎസ്‌സി പരിശീലന കേന്ദ്രത്തിലെ ജോലി ലഭിച്ച ഉദ്യോഗസ്ഥർ സഹായം നൽകി. 50 ചാക്ക് സിമന്റ് തുക ചുള്ളിക്കര സെന്റ് മേരീസ് ഇടവക വികാരി റോജി മുകളേൽ ജില്ലാ പ്രസിഡന്റ് ഷാലു മാത്യുവിനെ ഏൽപ്പിച്ചു.
പ്രവൃത്തി പരിചയ മേളയിൽ വിധികർത്താവായ വകയിൽ കിട്ടിയ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മടിക്കൈ കക്കാട്ടെ കർഷകൻ അമ്പു പണ്ടാരത്തിൽ കൈമാറി.
കുമ്പഡാജെ ബദ്രടി ഉമ്പ്രളയിലെ തെയ്യം കലാകാരൻ മനു പണിക്കറും കുടുംബവും 10000 രൂപ നൽകി. ആടിവേടൻ കെട്ടി ലഭിച്ച തുക ചേർത്തുവെച്ചാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. എംഎൽഎമാരായ സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി എന്നിവരുടെ സാന്നിധ്യത്തിൽ കലക്ടർ കെ ഇമ്പശേഖർ തുക ഏറ്റുവാങ്ങി.
സിഐടിയു സംസ്ഥാന കമ്മറ്റിയംഗങ്ങളായ കാഞ്ഞങ്ങാട്ടെ എ മാധവനും ഭാര്യ വി വി പ്രസന്നകുമാരിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിയേലക്ക് അര ലക്ഷം രൂപ സംഭാവന ചെയതു. തുക കലക്ടർ കെ ഇമ്പശേഖരന് കൈമാറി
സൈക്കിൾ വാങ്ങാൻ പൈസ കൂട്ടിവെച്ച കുടുക്ക മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. നാലാം ക്ലാസുകാരൻ വൈദേവ് ചന്ദ്രൻ. കുടുക്ക പൊട്ടിച്ച് എണ്ണി തിട്ടപ്പെടുത്തിയപ്പോൾ 1987 രൂപ.
മടിക്കൈ അമ്പലത്തുകര സ്വദേശിയും എംവിഐയുമായ അച്ഛൻ ചന്ദ്രകുമാറിനും ജിഎസ്‌ടി ജീവനക്കാരിയായ അമ്മ കെ വി സുഭാഷിണിക്കും ഒപ്പം കലക്ടറുടെ ചേംബറിൽ എത്തിയാണ് പണം കൈമാറിയത്.
എൽഐസി കാസർകോട് എസ്‌പി ടീം 1,00,500 രൂപ മുഖ്യമന്ത്രിയുടെ കൈമാറി. ഏജന്റുമാരായ 65 പേരിൽ നിന്ന് പിരിച്ചെടുത്ത തുകയാണ് സംഭാവന ചെയ്തത്. എ ഗണേഷ്, എൻ കെ ഉദയകുമാർ, ആർ അനീഷ്, പി മന്ദാകിനി, ജാനകി, സി ഡി ശോഭ, എം സാവിത്രി എന്നിവരാണ് കലക്ടർക്ക് തുക കൈമാറിയത്.
ദുരിതാശ്വാസ നിധിയിലേക്ക് ചെമ്പകം കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ഫോറം കാസർകോട് 50,000 രൂപ നൽകി. ഫേസ്ബുക്ക്, വാട്ട്‌സപ്പ് കൂട്ടായ്മയാണിത്. വൈസ് ചെയർമാൻ കണ്ണാലയം നാരായണൻ, സെക്രട്ടറി ദിനചന്ദ്രൻ ചീമേനി, അംഗങ്ങളായ ജയകുമാർ പെരിയ, മധു ബേഡകം, സുജിത്ത്, ബാലകൃഷ്ണൻ, രാധ ബേഡകം എന്നിവരാണ് കലക്ടറുടെ ചേമ്പറിലെത്തി തുക കൈമാറിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..