കാസർകോട്
വലിയ ലാഭം പ്രതീക്ഷിച്ച് ഓൺലൈൻ പണമിടപാടിൽ നിക്ഷേപിച്ച ലക്ഷങ്ങൾ നഷ്ടപ്പെട്ടുവെന്ന പരാതിയിൽ രണ്ടുപേർ പിടിയിൽ. കോഴിക്കോട് മെഡിക്കൽ കോളേജിനുസമീപം കമ്മലത്തൂർതാഴം കണ്ടിലേരി ഹൗസിൽ കെ നിഖിൽ (34), മലപ്പുറം ചട്ടിപ്പറമ്പ് കടമ്പോട്ട് ഹൗസിൽ കെ മുഹമ്മദ് നിഷാം (23) എന്നിവരെയാണ് കാസർകോട് ഇൻസ്‌പെക്ടർ പി നളിനാക്ഷനും സംഘവും മലപ്പുറത്ത് അറസ്‌റ്റുചെയ്‌തത്. പ്രതികളെ കോടതി റിമാൻഡുചെയ്‌തു. കേസിൽ കൂടുതൽ പ്രതികളുണ്ട്.
‘320 ഗോൾഡൻ ഷെയറിങ് സ്‌റ്റോക്ക് പോർട്ട്‌ഫോളിയോ’ എന്നപേരിൽ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. അഞ്ചു മുതൽ 30 ശതമാനം വരെയാണ് ലാഭവിഹിതം വാഗ്ദാനം ചെയ്‌തതത്. കാസർകോട്ടെ പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജരുടെയും ഭാര്യയുടെയുംപേരിൽ നിക്ഷേപിച്ച പണമാണ് നഷ്ടപ്പെട്ടത്. ആദ്യം ഒരു ലക്ഷമാണ് നിക്ഷേപിച്ചത്. ഇതിന് ലാഭവിഹിതമായി 90,000 രൂപ മടക്കിനൽകി. തുടർന്ന് കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിലായി 12.75 ലക്ഷം രൂപ നിക്ഷേപിച്ചു. ഇതിന് ലാഭവിഹിതമോ മുതലോ തിരികെനൽകാതായപ്പോഴാണ് വഞ്ചിക്കപ്പെട്ടുവെന്നറിഞ്ഞ് പൊലീസിൽ പരാതി നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..